വ്യോമസേനയുടെ ബില്ല് നടപടിക്രമം മാത്രം;വീഴ്ച മറക്കാന്‍ സിപിഎം കുപ്രചാരണം നടത്തുന്നുവി.മുരളീധരന്‍

രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ വേലയെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രതിരോധ വകുപ്പിന്റെ സാധാരണ നടപടി ക്രമത്തെ വക്രീകരിക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്ന് മുരളീധരന്‍ കോട്ടയത്ത് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ചട്ടമാണിത്.
വ്യോമസേനയുടെ ബില്‍ കേരളം അടയ്‌ക്കേണ്ടി വരില്ല. ഇത് നീക്കുപോക്കുകള്‍ മാത്രമാണ്.
വര്‍ഷങ്ങളായി വകുപ്പുകള്‍ തമ്മില്‍ സേവനത്തിന്റെ ബില്ലുകള്‍ കൈമാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1970ലെ ആംഡ് ഫോഴ്‌സ് ആക്ട് പ്രകാരവും 1990ലെ ഗവണ്‍മെന്റ് അക്കൌണ്ടിംഗ് റൂള്‍ പ്രകാരവുമുള്ള നടപടി മാത്രമാണിത്. നരേന്ദ്രമോദി അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് നല്‍കുന്ന പണമല്ല, പൊതുഖജനാവിലെ പണമാണ്. ഭാവിയില്‍ അഴിമതി ആരോപണമടക്കം ഉണ്ടാകാതിരിക്കാന്‍ ചട്ടം പാലിച്ചേ മുന്നോട്ടുപോകാനാവൂ എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഔദ്യോഗിക നടപടിക്രമത്തെ വക്രീകരിച്ച് രാഷ്ട്രീയ വിവാദമുണ്ടാക്കുന്നവര്‍ 1970 മുതല്‍ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണോ എന്ന് വ്യക്തമാക്കണം.

കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് പൊലീസിനെ നിയോഗിച്ചാല്‍ ആഭ്യന്തരവകുപ്പ് ദേവസ്വം വകുപ്പിന് ബില്‍ നല്‍കും. അത്തരമൊരു നടപടി മാത്രമാണിതെന്ന് അറിഞ്ഞിട്ടും സ്വന്തം വീഴ്ചമറക്കാന്‍ സിപിഎം തെറ്റിദ്ധരിപ്പിക്കുകയാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ച്, ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുയാണ് പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *