ദേശീയപാത 66 നിര്‍മ്മാണം2025 ഡിസംബറോടെ പൂര്‍ത്തിയാകുംമന്ത്രി പി.എ മുഹമ്മദ് റിയാസ്

പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ചു

ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കാലപഴക്കത്താല്‍ അപകടത്തിലായിരുന്ന വീതികുറഞ്ഞ വി.സി.ബി സ്ട്രക്ച്ചര്‍ പൊളിച്ചാണ് പാലം 7.27 കോടി രൂപ ഉപയോഗിച്ച് പുതിയ പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണത്തിനായി ഭൂമി സൗജന്യമായി വിട്ടു നല്‍കിയ ഭൂവുടമകളെ മന്ത്രി പ്രശംസിച്ചു. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോടെ കാര്‍ഷിക മേഖലയ്ക്കും ടൂറിസം രംഗത്തിനും
ഒന്‍പത് ജില്ലകളിലൂടെയുള്ള തീരദേശ ഹൈവേയും ടൂറിസം മേഖലയ്ക്കും വലിയ മുതല്‍ക്കൂട്ടാകും.

മികച്ച റോഡുകള്‍, പാലങ്ങള്‍,കളിക്കളങ്ങള്‍, വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളില്‍ കാത്ത് ലാബുകള്‍, തുടങ്ങി കേരളം ഉണ്ടായ കാലം മുതല്‍ ഇന്നുവരെ കാണാത്ത വിധത്തില്‍ കോടി കണക്കിന് രൂപ ചിലവഴിച്ച് പശ്ചാത്തല മേഖലയില്‍ അത്ഭുതം സൃഷ്ടിച്ചത് കിഫ്ബിയാണ്. 2016-21 സര്‍ക്കാറിന്റെ കാലത്ത് നിരവധി പദ്ധതികള്‍ കിഫ്ബി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി. കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ റഹ്‌മാന്‍, വാര്‍ഡ് മെമ്പര്‍ എം.രജിത, മണ്‍ മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി പ്രഭാകരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി രാജു, നാരായണന്‍ മണ്ടോട്ട്, എ വേലായുധന്‍, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വാഗതവും വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ നന്ദിയും പറഞ്ഞു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ പരിത്തിപ്പള്ളി പുഴയ്ക്ക് കുറുകെയാണ് പുളിക്കാല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാലത്തിന് 7.50 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഇരുഭാഗങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണുള്ളത്. 25 മീറ്റര്‍ നീളത്തിലുള്ള ഒറ്റ സ്പാനില്‍ പൈല്‍ ഫൗണ്ടേഷനോടു കൂടിയുള്ള ആര്‍ സി സി, ടി ബീം സ്ലാബ് സ്ട്രക്ച്ചറായാണ് പാലം നിര്‍മ്മിച്ചിട്ടുളളത്. പാലം നിര്‍മ്മാണത്തിന് സ്ഥലം സ്വകാര്യ ഭൂവുടമകള്‍ സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡില്‍ എരിക്കുളം ഭാഗത്ത് 25 മീറ്റര്‍ നീളത്തിലും നീലേശ്വരം ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും ഉന്നത നിലവാരമുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ നിരത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നീലേശ്വരം ഭാഗത്ത് ബാക്കി 220 മീറ്റര്‍ നീളത്തില്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *