കാഞ്ഞങ്ങാട്: അജാനൂരിന്റെ കലാ,കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, രാഷ്ട്രീയ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തന പാത യില്‍ 60 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, തെരുവ് നാടകം, അണ്ടര്‍ 15 ഫുട്‌ബോള്‍, കാര്‍ഷിക സെമിനാര്‍, ഫ്‌ലഡ് ലൈറ്റ് വോളിബോള്‍, കുട്ടികളുടെ പഠന ക്യാമ്പ് -ചങ്ങാതികൂട്ടം, വനിതോത്സവം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, കവി സമ്മേളനം, ട്രാഫിക് ബോധവല്‍ക്കരണം, ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ്, സാംസ്‌കാരിക സദസ്സ്, നാടകം, കുടുംബസംഗമം, നാട്ടുപയമ, കലാസന്ധ്യ, സമാപന സമ്മേളനം, ഫോക് മെഗാ ഷോ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വാര്‍ഷിക ആഘോഷത്തിന് മുന്നോടിയായി ക്ലബ്ബ് പ്രസിഡണ്ട് കെ. പി. രാജന്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ആദ്യ സെക്രട്ടറി സി. കൃഷ്ണന്‍ നിര്‍വഹിച്ചു. അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ പ്രചരണ ഭാഗമായി വേലാ ശ്വരം വിശ്വഭാരതി ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ബാന്‍ഡ് മേളം, മുത്തുക്കുട, വിവിധ വേഷങ്ങള്‍, ഡി.ജെ ഡാന്‍സ് തുടങ്ങിയവയോടൊപ്പം ക്ലബ്ബ് പ്രവര്‍ത്തകരും, സംഘാടകസമിതി അംഗങ്ങളും നാട്ടുകാരും അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.വി രാജേഷ് നിര്‍വഹിച്ചു. പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, സി. കൃഷ്ണന്‍, ഈശ്വരന്‍ എംബ്രാന്തിരി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി. വി. അജയന്‍ സ്വാഗതവും ട്രഷറര്‍ ടി.പി.ജ്യോതിഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മടിക്കൈ കര്‍ഷക കലാവേദിയുടെ പൂതപ്പാനി എന്ന തെരുവ് നാടകവും അരങ്ങേറി.