അഹമ്മദാബാദ്: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 209 റണ്‍സിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീര്‍ത്തി ജെയിംസിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലന്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്റ് 92 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്കിയത്. ക്യാപ്റ്റന്‍ ഷാനിയും വൈഷ്ണയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 62 റണ്‍സ് പിറന്നു. 18 റണ്‍സെടുത്ത വൈഷ്ണ റണ്ണൌട്ടായെങ്കിലും പകരമെത്തിയ ദൃശ്യയും മികച്ച രീതിയില്‍ ബാറ്റ് വീശി. ദൃശ്യയും ഷാനിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദൃശ്യ 91 പന്തുകളില്‍ നിന്ന് 88 റണ്‍സെടുത്തപ്പോള്‍ ഷാനി 121 പന്തുകളില്‍ നിന്ന് 123 റണ്‍സെടുത്തു. 17 ബൌണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഷാനിയുടെ സെഞ്ച്വറി. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും തുടര്‍ന്നെത്തിയ അരുന്ധതി റെഡ്ഡിയും കീര്‍ത്തി ജെയിംസുമെല്ലാം ചേര്‍ന്ന് കേരളത്തിന്റെ സ്‌കോര്‍ 301ല്‍ എത്തിച്ചു. അരുന്ധതി റെഡ്ഡി 22ഉം കീര്‍ത്തി ജെയിംസ് 24ഉം റണ്‍സെടുത്തു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നാഗാലന്റിന് ഒരു ഘട്ടത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മുന്‍നിര ബാറ്റര്‍മാരെയെല്ലാം പുറത്താക്കി കീര്‍ത്തി ജെയിംസാണ് നാഗാലന്റ് ബാറ്റിങ് നിരയെ തകര്‍ത്തത്. അഞ്ച് ബാറ്റര്‍മാരെയും ക്ലീന്‍ ബൌള്‍ഡാക്കിയായിരുന്നു കീര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ക്യാപ്റ്റന്‍ ഷാനി മൂന്ന് വിക്കറ്റുകളും മൃദുല ഒരു വിക്കറ്റും വീഴ്ത്തി. 30.2 ഓവറില്‍ വെറും 92 റണ്‍സിന് നാഗാലന്റ് ഓള്‍ ഔട്ടായി. 25 റണ്‍സെടുത്ത സെന്റിലെംലയാണ് നാഗാലന്റിന്റെ ടോപ് സ്‌കോറര്‍