രാജപുരം: പ്രസിദ്ധമായ പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ക്ഷേത്ര മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ തുടക്കമായി. കലവറ നിറയ്ക്കല്‍ ചടങ്ങും നടന്നു.എല്ലുകൊച്ചി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കലവറ ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ അണിനിരന്നു. ചെമ്പേരി, മാവുങ്കാല്‍, തെക്കുംഭാഗം പ്രദേശത്തു നിന്നുമുള്ളവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഭക്തര്‍ക്ക് തോട്ടം കരിക്കെ ഇസറത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദാഹജലവും പലഹാരവും നല്‍കി. മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ പൂജാദികര്‍മ്മങ്ങള്‍ നടക്കും. 9 മണിക്ക് ഭാഗവത പാരായണം. രാത്രിയില്‍ തിരുമുല്‍ കാഴ്ച സമര്‍പ്പണവും നടക്കും.