പാലക്കുന്ന് ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം സമാപിച്ചു; അനുഷ്ഠാനത്തിന് ആവേശം പകര്‍ന്ന തേങ്ങയേറ് കാണാന്‍ വന്‍ പുരുഷാരം
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു. തുടര്‍ന്ന് മറുപുത്തരി സദ്യയുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഉത്സവത്തിന്റെ ഭാഗമായി കലശ എഴുന്നള്ളത്തും താലപ്പൊലി സമര്‍പ്പണമടക്കം മറ്റു അനുഷ്ഠാന ചടങ്ങുകളും പുലര്‍ച്ചവരെ നീണ്ടു. തൃശ്ശൂര്‍ പതി ഫോക്ക് ബാന്‍ഡിന്റെ കാളീയം മെഗാ ഷോയും ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകുന്നേരം നടന്ന തേങ്ങയേറ് ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന അനുഷ്ഠാന കാഴ്ചയായി. വിശ്വാസത്തിന്റെയും നേര്‍ച്ചാസമര്‍പ്പണത്തിന്റെയും ഭാഗമായി നടക്കുന്ന ഈ ചടങ്ങ് ത്രയംബകേശ്വരന്റെ തൃപ്പാദം കുളിര്‍പ്പിക്കാനാണെന്നാണ് സങ്കല്പം. എണ്ണത്തില്‍ നിബന്ധനകള്‍ ഇല്ലെങ്കിലും 25 ല്‍ കുറയാതെ തേങ്ങകള്‍ തെങ്ങോലകൊട്ടയില്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഒരെണ്ണമെങ്കിലും കല്ലില്‍ തൊടാതെ പോയാല്‍ അടുത്ത വര്‍ഷവും ഈ സമര്‍പ്പണം തുടരണമെന്നാണ് പഴമക്കാര്‍ പറയുന്നത്. സ്ഥാനികര്‍ കല്ലൊപ്പിച്ച ശേഷം ചെണ്ടയുടെ താള മികവില്‍ തേങ്ങയേറ് തുടങ്ങി.
നിശ്ചിത വ്യാസത്തില്‍ കെട്ടിയ വടത്തിനകത്ത് വീഴുന്ന തേങ്ങയുടെ കഷ്ണങ്ങള്‍ അവസാന ആള്‍ തേങ്ങ എറിഞ്ഞ് തീരും വരെ ആരും എടുക്കില്ല. വടത്തിന് പുറത്ത് വീഴുന്നവ മിടുക്ക് കാട്ടി ആര്‍ക്കും സ്വന്തമാക്കാം. ചടങ്ങ് പൂര്‍ത്തിയാകുന്നതോടെ തേങ്ങ കഷണങ്ങള്‍ സ്വന്തമാക്കാന്‍ കളത്തില്‍ തിരക്കുണ്ടാകും. പള്ളം എരുത് വളപ്പ് തറവാട്ടിലെ നാരായണനും, പാക്കത്തെ അപ്പകുഞ്ഞി വെളിച്ചപ്പാടനും , ഉദുമയിലെ കൊട്ടന്‍കുഞ്ഞിയും നാല് പതിറ്റാണ്ടോളമായി സ്ഥിരമായി തേങ്ങയേറ് നടത്തുന്നവരാണ്. ആദ്യമായി തേങ്ങയെറിഞ്ഞ ബിരുദ വിദ്യാര്‍ഥിയായ പള്ളത്തിലെ എ.വി. ജിഷ്ണുവായിരുന്നു കുറഞ്ഞ പ്രായക്കാരന്‍.