ഉദുമയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസെഷന്റെ ഭാഗമായി ജി.ഐ.എസ് മാപ്പിങ് പദ്ധതി നടപ്പിലാക്കുന്നു

പാലക്കുന്ന് : സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണ ഡിജിറ്റലൈസെഷന്‍ പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തില്‍ ജി.ഐ.എസ്. മാപ്പിങ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വേ, ഡി.ജി.പി.എസ് സര്‍വേ, ബേസ് മാപ് സര്‍വേ നടത്തും. മുഴുവന്‍ വീടുകളും ജിയോ ടാഗ് ചെയ്യുക എന്നതും വീടിന്റെ ഫോം സിക്‌സ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതോടൊപ്പം കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യ വിവരങ്ങള്‍ എന്നിവയുടെയെല്ലാം ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങളും ശേഖരിക്കാനും വിശകലനം ചെയ്യാനും കഴിയും വിധം ഒരു വെബ് പോര്‍ട്ടലില്‍ സജ്ജീകരിക്കും.

നാട്ടിലെ അടിസ്ഥാന സൗകര്യ വികസനം, വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യലും നടപ്പിലാക്കലും, സാമൂഹിക ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യക, അവ അര്‍ഹരിലേക്ക് കുറ്റമറ്റ രീതിയില്‍ എത്തിക്കുക, പരിസ്ഥിതി സൗഹൃദ വികസന മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സര്‍വേയില്‍ കെട്ടിട വിസ്തീര്‍ണ്ണം ഉള്‍പ്പടെയുള്ള അടിസ്ഥാന വിവരങ്ങളും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
ഈ സര്‍വേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൃത്യമായും സത്യസന്ധമായും നല്‍കി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *