ആലപ്പുഴ: അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്. സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് അവധി നല്‍കാന്‍ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.