സൂര്യോദയം മുതല്‍ സൂര്യോദയം വരെ ഭജന നീളും
പാലക്കുന്ന് : ലോകാവസാനം വരുന്നുവെന്ന കിംവദന്തിയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആ ‘ദുരന്ത’ത്തെ ചെറുക്കാന്‍ മകരസംക്രമ നാളില്‍ ആരംഭിച്ച അഖണ്ഡനാമ ജപയജ്ഞം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ 63-ആം വര്‍ഷത്തിലും തുടരുന്നു. ക്ഷേത്രതിരുനടയില്‍ പ്രത്യേകം ഒരുക്കുന്ന വിശേഷാല്‍ പന്തലില്‍ ചൊവ്വാഴ്ച സൂര്യോദയത്തോടെ തുടക്കം കുറിക്കും. പുലര്‍ച്ചെ 5.30 ന് പാലക്കുന്നമ്മ ലളിതാസഹസ്രനാമ സ്‌തോത്ര പാരായണ സംഘം ലളിതാസഹസ്രനാമ പാരായണം നടത്തും. മകരം ഒന്നിന് (ബുധനാഴ്ച്ച) സൂര്യോദയത്തോടെ സമാപിക്കും. കഴകത്തിലെ വിവിധ പ്രാദേശിക സമിതികള്‍ രണ്ടു മണിക്കൂര്‍ വീതം പന്തലില്‍ നടക്കുന്ന ഹരേ രാമ, ഹരേ കൃഷ്ണ നാമ ജപത്തില്‍ ഭാഗഭാക്കാകും. ഉദുമ പടിഞ്ഞാര്‍ക്കര, ഞെക്ലി -ബാര, കീക്കാനം, ബേവൂരി പ്രാദേശിക സമിതികള്‍ സംയുക്തമായി ചൊവ്വാഴ്ച്ച പുലര്‍ച്ചെ തുടക്കം കുറിക്കുന്ന ഭജന ബുധനാഴ്ച പുലര്‍ച്ചെ 4 മുതല്‍ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ സൂര്യോദയം വരെ ചൊല്ലി സമാപിക്കും.