ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി. നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെട്ടു.
2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിച്ചക്കപ്പട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.
23 ഹര്‍ജിക്കാരാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികളില്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയകുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു.