പ്രതിഷ്ഠാദിന മഹോത്സവത്തിന്റെയും നാഗ പ്രതിഷ്ഠ ദിനത്തിന്റെയും ഭാഗമായാണ് പരിപാടി നടന്നത്.
കാഞ്ഞങ്ങാട്: മാക്കരം കോട്ട് ധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും നാഗ പ്രതിഷ്ഠാദിനവും ഇരിവല്‍ മാധവന്‍ വാഴുന്നവരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിവിധ പൂജാദി കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടി ജനുവരി 21, 22 തീയതികളില്‍ നടത്തപ്പെടുകയാണ്. ഉത്സവ ആഘോഷ പരിപാടികളുടെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. വാരിക്കാട്ടില്ലം അരയാല്‍തറക്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട ഘോഷയാത്രയില്‍ ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് അന്നദാനവും വിവിധ പൂജാദികളും നടന്നു രാത്രി നൃത്ത സന്ധ്യയും അത്താഴ പൂജയും നടന്നു. ജനുവരി 22ന് രാവിലെ 5 മണിക്ക് പള്ളി ഉണര്‍ത്തലും തുടര്‍ന്ന് അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, വിവിധ പൂജാദികള്‍ എന്നിവയും നടക്കും. സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ, ഭജനാമൃതം, സര്‍പ്പ ദുരിത കര്‍മ്മങ്ങള്‍, ഉച്ചപൂജ,അന്നദാനം, തായമ്പക, അത്താഴപൂജ, ശ്രീഭൂതബലി, തിടമ്പ് നൃത്തം എന്നിവയും നടക്കും. പരിപാടികള്‍ക്ക് മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി, ക്ഷേത്ര സെക്രട്ടറി കെ. പ്രഭാകരന്‍, പ്രസിഡണ്ട് എം.ടി. ദാമോദരന്‍, ഖജാന്‍ജി കെ. വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.