കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണര്‍വ് എന്ന പേരില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള ആവേശകരമായി. ശാരിരിക വെല്ലുവിളികളെ അതിജീവിച്ച് അവര്‍ പാട്ടുപാടി, നൃത്തംചവിട്ടി. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ പരിപാടികള്‍ അവതരിപ്പിച്ച് കൈയ്യടി നേടി. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമ്മാനം വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മിനി കെ എ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജനി കൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശൈലജ കെ,പി ഗോപാലകൃഷ്ണന്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ ബാലകൃഷ്ണന്‍, പി ഗോപി, നിഷ അനന്തന്‍, ജഗന്നാഥ് എം വി, ബിന്ദു രാമകൃഷ്ണന്‍, പി ഷീജ, ജിനി ബിനോയ്, അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍,ആസൂത്രണ സമിതി അംഗം രാമചന്ദ്രന്‍ മാസ്റ്റര്‍,
സൂപ്പര്‍വൈസര്‍ ജയന്തി പി.വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *