പ്രദര്‍ശനം പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരേപോലെ ആവേശം ജനിപ്പിച്ചു.
കാഞ്ഞങ്ങാട്: സി.പി.സി.ആര്.ഐ കൃഷി വിജ്ഞാന കേന്ദ്രം കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിന്റെ പ്രദര്‍ശനം അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ മാട്ടുമ്മല്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ചു. വിള പരിപാലനത്തിന്റെ പുതിയ സാങ്കേതിക വിദ്യയായ ഡ്രോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ പ്രവര്ത്തനങ്ങളുംമെച്ചപ്പെട്ട സാധ്യതകളും ഇതുവഴി കര്‍ഷകരെ പരിചയപ്പെടുത്തി. തെങ്ങോലയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റ് സത്തായ വെര്‍മി വാഷാണ് ഡ്രോണ്‍ ഉപയോഗിച്ച് പച്ചക്കറിയില്‍ തളിച്ചത്. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ആറ് മുതല്‍ 10 മിനിറ്റ് കൊണ്ട് ഒരു ഏക്കര്‍ സ്ഥലം 10 ലിറ്റര്‍ വെള്ളം ഉപയോഗിച്ചുകൊണ്ട് വിളകള്‍ക്ക് തളിക്കാവുന്നതാണ്. ഇതു മൂലം ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സ്ഥലത്ത് കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിച്ച് വളപ്രയോഗം നടക്കും എന്ന മെച്ചവും കര്‍ഷകര്‍ക്കുണ്ട്. കൂടാതെ വിവിധ വിളകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമവും ഒരു പരിധിവരെ പരിഹരിച്ച് കൃഷി ലാഭകരമാക്കാന്‍ സാധിക്കുകയും ചെയ്യും. ആധുനിക കാലത്ത് ഇത്തരം സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ഷിക വൃത്തിയിലേക്ക് യുവജനങ്ങളെ ആകര്‍ഷകമാക്കുന്നതിനും കഴിയുമെന്നും നമുക്ക് കരുതാം. വരുംകാലങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വിള നിരീക്ഷണം നടത്തി വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഇതുവഴി നിയന്ത്രണ മാര്‍ഗങ്ങള്‍ ക്രമീകരിക്കാനും അതുവഴി വിള നഷ്ടം കുറയ്ക്കാനും സാധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശപ്രകാരം 25 കിലോഗ്രാം മൊത്ത ഭാരമുള്ള ചെറു ശ്രേണിയില്‍പ്പെട്ട ഡ്രോണുകള്‍ ആണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷി കൂടാതെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നെല്‍വയലുകളിലും ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്ന പ്രദര്‍ശന പരിപാടികള്‍ ഈ വര്‍ഷം നടത്തിയിരുന്നു. ഭാവിയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തോട്ട വിളകളിലെ വിള പരിപാലനങ്ങള്‍ സി.പി.സി.ആര്.ഐ യില്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് സാങ്കേതിക വിദഗ്ധര്‍.
കൊളവയല്‍ മാട്ടുമ്മല്‍ നടന്ന പ്രദര്‍ശന പരിപാടി സി.പി.സി.ആര്.ഐ ബയോ കെമിസ്ട്രി മേധാവി ഡോക്ടര്‍ മുരളി ഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡണ്ട് കമലാക്ഷന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സാങ്കേതിക വിദഗ്ധരായ ഡോക്ടര്‍ ബെഞ്ചമിന്‍ മാത്യു, കിരണ്‍ മെയ് പാത്ര, എന്നിവര്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയെ പറ്റി വിശദീകരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ഷിജു മാസ്റ്റര്‍, കര്‍ഷകനായ രവി കൊളവയല്‍, കെ ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. മാട്ടുമ്മല്‍ വയലില്‍ ഡ്രോണ്‍ പറന്നുയര്‍ന്നത് പുതു തലമുറയിലും പഴയ തലമുറയിലും ഒരേപോലെ ആവേശം ജനിപ്പിച്ചു.