കളമശ്ശേരി: മെന്‍സ്, ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പിന് മുതല്‍മുടക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുംതല മാടയ്ക്കല്‍ കുറിപ്പാലത്ത് വീട്ടില്‍ എം.കെ. സൈദിനെയാണ് (49) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നൈസ് സ്ലീപ് എന്ന പേരില്‍ 70ഓളം മെന്‍സ്, ലേഡീസ് ഹോസ്റ്റലുകള്‍ നടത്തുന്നതിനാണ് നിക്ഷേപം സ്വീകരിച്ചത്. 50 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍നിന്ന് പണം കൈപ്പറ്റിയശേഷം അതേ ഹോസ്റ്റലുകളുടെ ഓഹരി മറ്റാളുകള്‍ക്കും മറിച്ചുനല്‍കി കോടികള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. 13.24 ലക്ഷം രൂപ നഷ്ടപ്പെട്ട കളമശ്ശേരി സ്വദേശി ഡോ. മുഹമ്മദലിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.