ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസ്: 14 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

മണ്ണാര്‍ക്കാട്: ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാല്‍കുളമ്ബ് പ്ലാപ്പിള്ളിയില്‍ ജോണിനെ(64)യാണ് കോടതി ശിക്ഷിച്ചത്. മണ്ണാര്‍ക്കാട് ജില്ല സ്‌പെഷല്‍ കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. വടക്കഞ്ചേരി കണ്ണച്ചിപരുത വേലായുധന്‍(57) കൊല്ലപ്പെട്ട കേസില്‍ ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഒക്ടോബര്‍ ഒമ്ബതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വേലായുധന്റെ വീട്ടുവളപ്പിലെ മരം ജോണിക്ക് കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദന കാരണം. കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന വേലായുധനെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വേലായുധന്‍ മരണപ്പെട്ടത്.

പിഴ അടക്കാത്തപക്ഷം ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന് കൊല്ലപ്പെട്ട വേലായുധന്റെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജയന്‍, അഡ്വ.കെ. ദീപ എന്നിവര്‍ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *