ജില്ലയിലെ ആദ്യ വനിത വ്യായാമ കേന്ദ്രം അജാനൂര്‍ കൊളവയലില്‍ ഉദ്ഘാടനം ചെയ്തു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2022- 23 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ വ്യായാമകേന്ദ്രം നിര്‍മ്മിച്ചത്.

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2022- 23 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ കൊളവയലില്‍ വനിതാ വ്യായാമ കേന്ദ്രം നിര്‍മ്മി ച്ചു. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വനിതകള്‍ക്ക് വേണ്ടി പ്രത്യേകമായി വ്യായാമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ കേന്ദ്രത്തിനായി കെട്ടിടവും മറ്റ് ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിരിക്കുന്നത്. മള്‍ട്ടി ആക്ടിവിറ്റി പ്ലേ സിസ്റ്റം, മേരി ഗോ റൗണ്ട്, രണ്ട് സ്പ്രിംഗ് റൈഡറുകള്‍, സ്‌ട്രൈറ്റ് നെറ്റ് സ്‌ക്രാബ്ലര്‍, സ്വിങ് എന്നീ വ്യായാമ ഉപകരണങ്ങളാണ് വ്യായാമ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ വനിതാ വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തി തേടുന്നതിനും വനിതകളുടെ സമയ ലഭ്യതക്കനുസരിച്ച് സമയ ക്രമീകരണം നടത്തി വ്യായാമ കേന്ദ്രത്തിലെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി. പുഷ്പ, എ. ദാമോദരന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ. രവീന്ദ്രന്‍, കെ. അശോകന്‍, സി. എച്ച്. ഹംസ, സി. കുഞ്ഞാമിന,അജാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ :അനില്‍കുമാര്‍, പൊതുപ്രവര്‍ത്തകനായ പി. കെ. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *