രാജപുരം : ക്‌നാനായ മലബാര്‍ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാതെ പ്രൊഫ. വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും നടത്തുന്നതിലൂടെ അതിരൂപതാ കെ.സി.സി നേതൃത്വത്തിന്റെയും രാജപുരം ഫെറോന നേതൃത്വത്തിന്റെയും പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് സ്മാരക മന്ദിരം നിര്‍മ്മാണ കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങൾ പത്രസമ്മേളനത്തില്‍ ആരോപിച്ചു.നിലവിലുള്ള രാജപുരത്തെ പള്ളിക്ക് താഴെ കുടിയേറ്റ സ്മാരക മന്ദിരവും മ്യുസിയവും കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണത്തിലിരിക്കുകയാണ്.പ്രസ്തുത കുടിയേറ്റ മന്ദിരം ഇതുവരെയും പൂര്‍ത്തിയാകാതെ ഇപ്പോള്‍ ഷെവാലിയാര്‍ വി.ജെ ജോസഫ് സാറിനെ അനുസ്മരിക്കുന്നത് ഉചിതമായ നടപടിയാണോയെന്ന് ചിന്തിക്കണമെന്നും.
രാജപുരം പള്ളി പൊളിച്ച് പുതിയത് പണിയുന്നതില്‍ അതൃപ്തിയുള്ള ചിലര്‍ ഇതിനെതിരെ രംഗത്തു വരുകയും ഈ വിഷയം കോടതി കയറുകയും ചെയ്ത സാഹചര്യം മുതലെടുത്ത് സ്മാരകമന്ദിരം,സ്‌കൂള്‍കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളതായി ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീട്ടകൊണ്ടുപോകുന്നതെന്നും ഇവർ പറഞ്ഞു. മറിച്ച് ഒരു വിഷയത്തിനും കോടതി വിലക്ക് ഇല്ലെന്നും ഇവർ പറയുന്നു.
കെ സി സി മുന്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം,കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫ്,ഫോറോനാ പ്രതിനിധി അഡ്വ.കെ.ടി ജോസഫ്,മുന്‍ രാജപുരം യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് മുളവനാല്‍,മുന്‍ യൂണിറ്റ് സെക്രട്ടറി ജോസ് ഇല്ലിക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.