കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ശോഭനകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അരവിന്ദന്‍, മെമ്പര്‍ കുഞ്ഞിരാമന്‍ തവനം, ഡി.എല്‍.ഒ ഇന്‍ ചാര്‍ജ്ജ് കെ.സതീശന്‍, ബേഡഡുക്ക താലൂക്ക് അശുപത്രി ലാബ് ടെക്‌നിഷ്യന്‍ മുഹമ്മദ് സഹീദ് എന്നിവര്‍ സംസാരിച്ചു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുമ്പക്കോട് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സുബ്രായ നന്ദിയും പറഞ്ഞു.
യാഥാര്‍ത്ഥ്യമായത് ജനങ്ങളുടെ ഏറെ കാലത്തെ ലബോറട്ടറി എന്ന സ്വപ്നം
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി സൗകര്യം കൂടി വരുന്നതോടെ കുറ്റിക്കോല്‍ മുതല്‍ ബന്തടുക്ക വരെയുള്ള ജനങ്ങള്‍ക്ക് അത് ആശ്വാസമാകും. ആശുപത്രിയില്‍ ഒ.പി സേവനം ഉണ്ടെങ്കിലും രോഗനിര്‍ണയം നടത്തുന്നതിന് ഇതുവരെയും സൗകര്യം ഇല്ലായിരുന്നു. ഒരു ലക്ഷം രൂപ ചെലവില്‍ സ്റ്റാഫ് കോട്ടേഴ്സിനെ നവീകരിച്ചാണ് ലാബ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആര്‍ദ്രം ഫണ്ടില്‍ നിന്നും 75,000 രൂപ ചിലവഴിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ഏറെ നാളത്തെ ജനങ്ങളുടെ ആവശ്യമാണ് ലബോറട്ടറി ആരംഭിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.