ഉദുമ : ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സദസ്സായി. ജില്ലാ അഡീഷണല്‍ എസ്. പി. പി. ബാലകൃഷ്ണന്‍ നായര്‍ പാലക്കുന്ന് കഴകം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്
ബ്രോഷര്‍ കൈമാറി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരിയില്‍ നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഷഹബാസ് മരണപ്പെട്ട പത്രവാര്‍ത്ത ഉദ്ധരിച്ചു കൊണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലും ലഹരിക്കടിമയായി ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യ പ്രഭാഷകനായ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി.മധുസൂദനന്‍ കുട്ടികളിലെ ലഹരി വ്യാപനത്തെ കുറിച്ചും അതിന് വഴിയൊരുക്കുന്ന അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെകുറിച്ചും ദീര്‍ഘനേരം സദസ്സിന് അറിവ് നല്‍കി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണന്‍, വര്‍ക്കിങ് ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ജനറല്‍ കണ്‍വീനര്‍ അച്യുതന്‍ ആടിയത്ത്, കോര്‍ഡിനേറ്റിങ് ചെയര്‍മാന്‍ ബാബു കൊക്കാല്‍, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍ എന്നിവരും പ്രസംഗിച്ചു. ഏപ്രില്‍ 29, 30, മെയ് ഒന്ന് തീയതികളിലാണ് ഇവിടെ തെയ്യംകെട്ട്. മാര്‍ച്ച് 30 ന് കൂവം അളക്കും.