ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ജില്ലയുടെ സമഗ്ര പുരോഗതിയാണ് വാര്‍ഷിക പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് ഉദ്യോഗസ്ഥര്‍ പദ്ധതികളുടെ നിര്‍വഹണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2024 – 25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. പദ്ധതി നടത്തിപ്പ് ഘട്ടത്തിലും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് അവലോകനം ചെയ്യണമെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞന്‍ സി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, 2024-25 വാര്‍ഷിക പദ്ധതി അവലോകനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീത കൃഷ്ണന്‍, കെ.ശകുന്തള, എസ്.എന്‍.സരിത, എം.മനു എന്നിവര്‍ വാര്‍ഷിക പദ്ധതി വിശദീകരിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും ആസൂത്രണ സമിതി വൈസ് ചെയര്‍മാനുമായ കെ.ബാലകൃഷ്ണന്‍ സംയുക്ത പദ്ധതികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 15 വര്‍ക്കിംഗ് ഗ്രൂപ്പുകളും പ്രത്യേകം യോഗം ചേര്‍ന്ന് വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്തതിന് ശേഷം വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാരായ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച്.കൃഷ്ണ പൊതുചര്‍ച്ച ക്രോഡീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി.വി.ഷിജി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോന്‍ ജോസ്, ജാസ്മിന്‍ കബീര്‍, നാരായണ നായിക്, ശൈലജ എം ഭട്ട്, കെ.കമലാക്ഷി, ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍, ഷഫീഖ് റസാഖ്, ഷിനോജ് ചാക്കോ, ഫാത്തിമത്ത് ഷംന, ജമീല സിദ്ദിഖ് ദണ്ഡഗോളി, വിവിധ വകുപ്പ് മേധാവികള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

മുന്‍ഗണന വിഷയങ്ങളില്‍ പദ്ധതി നിര്‍ദേശങ്ങള്‍

പൊതുഭരണം-ധനകാര്യം, കൃഷി-മണ്ണ് സംരക്ഷണം, മത്സ്യബന്ധനം, മൃഗസംരക്ഷണം-ക്ഷീര വികസനം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി, ജെന്‍ഡര്‍ വികസനം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം-കല-സാംസ്‌കാരികം-യുവജനക്ഷേമം, പൊതുമരാമത്ത്-ഊര്‍ജ വികസനം, ദുരന്ത നിവാരണം-കാലാവസ്ഥാ വ്യതിയാനം, എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം ചെയര്‍മാനായും ഉദ്യോഗസ്ഥര്‍ കണ്‍വീനറുമായി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍ഗണനാ വിഷയങ്ങള്‍ പരിഗണിച്ചായിരുന്നു പദ്ധതി നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയത്. അതിദാരിദ്ര്യം ഇല്ലാതാക്കല്‍, പ്രാദേശിക സാമ്പത്തിക വികസനം, തൊഴില്‍ നൈപുണ്യ പരിശീലനം, കാര്‍ഷിക മേഖലയിലെ ഉത്പാദനം, നീര്‍ത്തട വികസനം, മാലിന്യമുക്ത നവകേരളം, ഓരോ പഞ്ചായത്തിലും ഹാപ്പിനെസ്സ് പാര്‍ക്കുകള്‍ എന്നീ വിഷയങ്ങളാണ് വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങള്‍ക്കായി പ്രഥമ പരിഗണന നല്‍കിയത്. പദ്ധതി നിര്‍ദേശങ്ങള്‍ വീണ്ടും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് അന്തിമമാക്കും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതിന് ശേഷം ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *