കരട് വോട്ടര്‍ പട്ടിക പരിശോധന ഇന്ന് ; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും; പരിശോധനയ്ക്കായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും

കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇന്ന് (ഡിസംബര്‍ 17) ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വില്ലേജ് പരിധിയിലെ ബി.എല്‍.ഒമാരും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ഹാജരാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. മരണപ്പെട്ടവര്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും വില്ലേജ് ഓഫീസിലെത്തി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അറിയിച്ചു. പട്ടിക ശുദ്ധീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ രാവിലെ 10.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍വ്വഹിക്കും. സുതാര്യമായ തെരഞ്ഞെടുപ്പിന് കുറ്റമറ്റ പട്ടിക തയ്യാറാക്കാന്‍ മരണപ്പെട്ട മുഴുവന്‍ പേരേയും പട്ടികയില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്നും അതിന് മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *