കാഞ്ഞങ്ങാട്: ഏകദേശം ഒരു വര്‍ഷത്തോളമായി സമ്പാദ്യ കുടുക്കയില്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ ചിത്താരി ഡയാലിസിസ് സെന്ററിന് നല്‍കി മാതൃകയായിരിക്കുകയാണ് മുക്കൂടിലെ ആറുവയസ്സുകാരന്‍. നിരവധി വൃക്ക രോഗികള്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മാതാപിതാക്കളില്‍ നിന്നും കേട്ടറിഞ്ഞ് രോഗികളുടെ പ്രയാസങ്ങളും പരാധീനതകളും ഹാമിറിന്റെ കുരുന്ന് മനസ്സിനെ നൊമ്പരപ്പെടുത്തി.
ചിത്താരി ഡയാലിസിസ് സെന്ററിന് വേണ്ടി ഡയാലിസിസ് ചലഞ്ചിലൂടെ ജനങ്ങള്‍ കൈകോര്‍ക്കുന്നതും അവന്‍ അറിഞ്ഞു. ഇവര്‍ക്ക് വേണ്ടി തന്നാലായത് ചെയ്യണമെന്നു ഉറച്ച് തനിക്ക് കിട്ടുന്ന നാണയ തുട്ടുകള്‍ സ്വരൂപിച്ചു വയ്ക്കാന്‍ തുടങ്ങി. മാതാപിതാക്കളും മകന്റെ സത്കര്‍മത്തിനു അകമഴിഞ്ഞ പ്രോത്സാഹനം നല്‍കി. മിഠായി പോലും വാങ്ങാതെ കിട്ടുന്ന പണമെല്ലാം സമ്പാദ്യ പെട്ടിയില്‍ നിക്ഷേപിച്ചു. പണപ്പെട്ടി നിറഞ്ഞപ്പോള്‍ ഹാമിറിന്റെ ഉമ്മ ചിത്താരി ഡയാലിസിസ് സെന്ററില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
മുക്കൂട് കാരയില്‍ ബഷീറിന്റെയും ഹസീനയുടെയും മകന്‍ മുഹമ്മദ് ഹാമിറാണ് ഈ കൊച്ചു മിടുക്കന്‍. കുണിയ എമിന്‍ ഇന്റര്‍നാഷണല്‍ അക്കാദമിയിലെ യു കെ ജി വിദ്യാര്‍ഥിയാണ്. സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷരീഫ് മിന്നയുടെ സാന്നിധ്യത്തില്‍ ചിത്താരി ഡയാലിസിസ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഷാഹിദ് പി വി മുഹമ്മദ് ഹാമിറില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി. ഇഖ്ബാല്‍ കൂളിക്കാട്, ശിഹാബ് തായല്‍ എന്നിവര്‍ സംബന്ധിച്ചു.