ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. തമിഴ്‌നാട് തിരുവണ്ണാമലയില്‍ കൃഷ്ണഗിരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. പുതുച്ചേരിയിലെ പശ നിര്‍മാണ ഫാക്ടറിയില്‍ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെന്‍ഗം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.