അളന്ന നെല്ല് ചൊവ്വാഴ്ച്ച തന്നെ അതത് ഇടങ്ങളില്‍ എത്തിക്കും
ഉദുമ : പലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയുടെ പരിധിയില്‍ ഉദുമ കുറുക്കന്‍കുന്ന്
തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി ഞായറാഴ്ച രാത്രി കൂവം അളന്നു. സന്ധ്യാ ദീപത്തിന് ശേഷം തൊണ്ടച്ചന് മറൂട്ട് നടന്നു. തിരുമുറ്റത്ത് കൂട്ടി വെക്കുന്ന നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് നൂറു കണക്കിന് ഭക്ത ജനങ്ങളെയും ആചാര സ്ഥാനികരെയും ഭാരവാഹികളെയും സാക്ഷിയാക്കിയാണ് കൂവം അളന്നത്.
കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രം, കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനം എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും ഉദയമംഗലം മഹാ വിഷ്ണു, അച്ചേരി മഹാവിഷ്ണു, കരിപ്പോടി ശാസ്താ വിഷ്ണു , പനയാല്‍ മഹാലിംഗേശ്വര, തലക്ലായി സുബ്രഹ്‌മണ്യ സ്വാമി, ബാര മഹാവിഷ്ണു, മുക്കുന്നോത്ത് കാവ് ഭഗവതി, തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി, മാന്യംകോട് ശാസ്താ വിഷ്ണു, എരോല്‍കാവ് വൈഷ്ണവി ഭഗവതി എന്നീ ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും നെല്ല് അളന്നു വെച്ചു. കൂവം അളക്കാനുള്ള നെല്ല് തറവാട് അംഗങ്ങള്‍ സമാഹരിച്ചാണ് എത്തിച്ചത്. ചൊവ്വാഴ്ച തന്നെ വാല്യക്കാരുടെ സഹായത്തോടെ കൂവം അളന്ന നെല്ല് അതത് സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ പ്രഭാകരനും ജനറല്‍ കണ്‍വീനര്‍ ആടിയത്ത് അച്യുതനും അറിയിച്ചു. നിത്യ പൂജാ സമ്പ്രദായങ്ങള്‍ ഇല്ലാത്ത പരിധിയിലെ ക്ഷേത്രങ്ങളില്‍ ദീപത്തിന് എണ്ണ നല്‍കും. കൊപ്പല്‍ രാജരാജ ഗുളിക സ്ഥാനത്ത് കെട്ടികലശവും കൊതാറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ അരിത്രാവലും നടത്തും.
തെയ്യംകെട്ട് ചടങ്ങുകള്‍ക്കായി 7 പറവീതം പച്ചരിയും പുഴുങ്ങലരിയും
2 കൈവീതുകള്‍ക്കായി 21 ഇടങ്ങഴി വീതവും ഇതോടൊപ്പം അളന്ന് മാറ്റിവെച്ചു.
തറവാടുകളിലും ദേവസ്ഥാനങ്ങളിലും ഉത്സവം നടക്കുമ്പോള്‍ സമീപ ക്ഷേത്രങ്ങളിലെ ദേവതാ സങ്കല്പങ്ങളെ
മറന്ന് പോകരുതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കൂവം അളക്കല്‍ ചടങ്ങു കൊണ്ടു ഉദ്ദേശിക്കുന്നത്.
ജില്ലയില്‍ ഈ വര്‍ഷം നടക്കുന്ന അവസാനത്തെ വയനാട്ടുകുലവന്‍ തെയ്യംകെട്ടാണ് ഏപ്രില്‍ 29, 30,മെയ് ഒന്ന്
തീയതികളില്‍ കുറുക്കന്‍കുന്ന് തറവാട്ടില്‍ നടക്കുന്നത്.