മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തിയ സ്‌കൂള്‍ തല ഇ മാലിന്യ ശേഖരണം അവസാനിച്ചു. രണ്ടു മാസം നീണ്ട ഇ മാലിന്യ ശേഖരണത്തില്‍ 376 സ്‌കൂളുകളില്‍ നിന്നായി 53647 കിലോഗ്രാം ഇ മാലിന്യവും 151 കിലോഗ്രാം ആപത്കരമായ ഇ മാലിന്യങ്ങളും നീക്കം ചെയ്തു.
ആറ് ഘട്ടങ്ങളിലായാണ് ജില്ലയിലെ 41 തദ്ദേശസ്ഥാപനങ്ങളിലെയും സ്‌കൂളുകളെ ഇ മാലിന്യ മുക്തമാക്കി മാറ്റിയത്. ലാബുകളിലും ക്ലാസ് മുറികളിലും കുന്നുകൂടിയ ഇലക്ടോണിക് ഉപകരണങ്ങള്‍ കൂട്ടികള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് യജ്ഞത്തിന് തുടക്കം കുറിച്ചത്. സ്‌കൂള്‍ തല സമിതി പരിശോധിച്ച് ഇ മാലിന്യമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കൈറ്റിന്റെ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്തവയാണ് ശേഖരിച്ചത്. ഓരോ പഞ്ചായത്തിലെയും നിശ്ചയിച്ച ശേഖരണ കേന്ദ്രത്തിലേക്ക് ഇ മാലിന്യം എത്തിച്ചിട്ടാണ് നീക്കം ചെയ്തത്. പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാരും പ്രധാനാധ്യാപകരും ചേര്‍ന്ന് ഓരോ ഘട്ടത്തിന്റെയും ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. 59 ടണ്‍ ഇ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനി ഈ സാമ്പത്തിക വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ചത്. ഇ മാലിന്യ ശേഖരണത്തിനായി മാത്രം നീലേശ്വരം തൈക്കടപ്പുറം പ്രത്യേക ഗോഡൗണ്‍ ക്ലീന്‍ കേരള കമ്പനി സജ്ജമാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷം ജില്ലയിലെ ഹരിതകര്‍മ്മസേന വഴി വീടുകളില്‍ നിന്ന് കൂടി ഇ മാലിന്യ ശേഖരണം നടത്തി വീട്ടുകാര്‍ക്ക് വില നല്‍കി ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്യുന്നതാണെന്ന് ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി പറഞ്ഞു.