കൂണ്‍ കര്‍ഷക സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ഇടത്തോട് ന്യൂട്രി ബഡ്സ് മഷ്റൂം ഫാമില്‍ നടന്ന കൂണ്‍ കര്‍ഷക സംഗമം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൂണ്‍ കൃഷിയുടെ പ്രാധാന്യവും വളര്‍ച്ചാ സാധ്യതകളും വിശദീകരിച്ച അദ്ദേഹം വൈറ്റമിന്‍ ഡി ദൗര്‍ലഭ്യം കുറക്കാന്‍ കൂണ്‍ കൃഷി വളരെയേറെ സഹായമാണെന്നും യുവത തലമുറ കൃഷിയിലേക്ക് വരേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് പ്രചോദനമായി വളരെയധികം അവസരങ്ങള്‍ കൂണ്‍ കൃഷിയിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി ഉപജീവന മാര്‍ഗ്ഗമാക്കാവുന്നമേഖലയായി മാറികഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ഇടത്തോട് ന്യൂട്രി മഷ്റൂം ഫാം നടത്തുന്ന യുവ സംരംഭകനെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി നൂറു ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍, രണ്ട് വന്‍കിട ഉത്പാദന യൂണിറ്റുകള്‍, ഒരു കൂണ്‍വിത്ത് ഉത്പാദന യൂണിറ്റ്, മൂന്നു സംസ്‌കരണ യൂണിറ്റുകള്‍, രണ്ട് പാക്ക് ഹൗസുകള്‍, പത്തു കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകള്‍ എന്നിവ രൂപീകരിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 20 ബ്ലോക്കുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്, കാസര്‍കോട് ജില്ലയിലെ പരപ്പ ബ്ലോക്കും ഇതില്‍ ഉള്‍പ്പെടുന്നു.

കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍ ജ്യോതി കുമാരി പദ്ധതി വിശദീകരിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ കൂണ്‍ കൃഷിയില്‍ വിജയിച്ച പി. സച്ചിന്‍ എന്ന യുവ സരംഭകന്റെ സാന്നിധ്യം കര്‍ഷകര്‍ക്കു പ്രചോദനമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് എം. ലക്ഷ്മി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഘവേന്ദ്ര സ്വാഗതവും പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതാമോള്‍ സി.എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *