രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം: രാജപുരം-പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 14-ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ മുതല്‍ ഏപ്രില്‍ 6 വരെ തീയ്യതികളിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം നയിക്കുന്ന ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി നാളെ (വ്യാഴാഴ്ച) ദിവ്യബലി അര്‍പ്പിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ്
താരാമംഗലം, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍
ദിവ്യബലി അര്‍പ്പിക്കും. കണ്‍വെന്‍ഷന്‍ ദിവസവും വൈകുന്നേരം 4.30-ന് ജപമാലയോടുകൂടി ആരംഭിച്ച് 9.30 ന് സൗഖ്യാരാധനയോടെ സമാപിക്കും. 4 ദിവസങ്ങളായി നടക്കുന്ന കണ്‍വെന്‍ഷനില്‍ കോട്ടയം അതിരൂപത (മലബാര്‍ റീജിയണ്‍), തലശ്ശേരി അതിരൂപത, കണ്ണൂര്‍ രൂപത എന്നിവടങ്ങളിലേയും കര്‍ണ്ണാടകയിലെ കുടിയേറ്റ മേഖലയിലേയും വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 15 സബ് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയിരിക്കുന്നത്. 1991-ല്‍ ആരംഭിച്ച് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷനില്‍ പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഫൊറോനകളിലെ യുവജനങ്ങള്‍ക്കായി കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ യുവജന സംഗമവും നടത്തും.
കണ്‍വെന്‍ഷന് ഒരുക്കമായി ബൈബിള്‍ സന്ദേശയാത്ര, വോളന്റിയര്‍മാര്‍ക്ക് ഏകദിന ധ്യാനം, വോളന്റിയര്‍ സംഗമം, ജപമാല റാലി, കുരിശിന്റെ വഴി, കൂടാര യോഗങ്ങളില്‍ ജപമാല പ്രയാണം, ഇടവകകളില്‍ പ്രാര്‍ത്ഥന ദിനം, ആരാധന, മാര്‍ച്ച് 1 മുതല്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ ജെറീക്കോ പ്രാര്‍ത്ഥന എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷനു ശേഷം പാണത്തൂര്‍, പാലച്ചാല്‍, കുളപ്പുറം, ബന്തടുക്ക, പടുപ്പ്, മാനടുക്കം, അടോട്ടുകയ, കൊട്ടോടി, ആടകം, പെരുമ്പള്ളി, ഉദയപുരം, അയറോട്ട്, പൂക്കയം, ചെരുമ്പച്ചാല്‍, ചെടിക്കുണ്ട്,
കനീലടുക്കം, കരിവേടകം, ഒടയംചാല്‍, നായ്ക്കയം, എടത്തോട്, എണ്ണപ്പാറ, കനിലടുക്കം, പുഞ്ചക്കര, അടോട്ടുകയ, ചുള്ളി, കപ്പള്ളി എന്നീ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും ഉണ്ടാവും. കിടപ്പുരോഗികള്‍ക്ക് പ്രത്യേക സജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ തല്‍സമയ സംപ്രഷണവും ഉണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫാ.ജോസ് അരീച്ചിറ, വൈസ് ചെയര്‍മാന്‍ ഫാ. അനീഷ് ചക്കിട്ടമുറി, കോ-ഓര്‍ഡിനേറ്റര്‍ തോമസ് പടിഞ്ഞാറ്റു മാലില്‍, സെക്രട്ടറി സജി മുളവനാല്‍, മീഡിയ & പബ്ലസിറ്റി കണ്‍വീനര്‍ ജിജി
കിഴക്കേപ്പുറത്ത്, റോയി ആശാരിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *