പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക നാളില്‍ പുരോത്സവത്തിന് കുലകൊത്തി. പൂരക്കളി പണിക്കരെ ഭണ്ഡാരവീട് പടിഞ്ഞാറ്റയില്‍ ഇരുത്തി കര്‍മികളും അവകാശികളും അരിയും മഞ്ഞള്‍കുറിയും ശിരസ്സിലിട്ട് പ്രാര്‍ഥിച്ച് വാഴിച്ചു. 55 വര്‍ഷമായി പള്ളം തെക്കേക്കരയിലെ പി. വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ പൂരക്കളി പണിക്കര്‍. ഉത്സവത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഭണ്ഡാരവീട്ടില്‍ നിന്ന് മേലാപ്പും കുടയും കൈവിളക്കും തിടമ്പും തെയ്യങ്ങളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെടും. ശുദ്ധി കര്‍മങ്ങള്‍ക്ക് ശേഷം പൂവിടല്‍ ചടങ്ങും തുടര്‍ന്നു പൂരക്കളിയും ഉണ്ടാകും.
5,6,7 തീയതികളില്‍ രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകലും പൂരക്കളി ഉണ്ടാകും. എല്ലാദിവസവും ക്ഷേത്ര ത്തിലും ഭണ്ഡാരവീട്ടിലും പൂരക്കുഞ്ഞിയെക്കൊണ്ട് പൂവിടല്‍ ചടങ്ങ് നടത്തും. 10 ന് രാത്രിയാണ് പൂരോത്സവത്തിന്റെ പ്രധാന ചടങ്ങായ പൂരംകുളി. 11ന് ഉത്ര വിളക്കുത്സവത്തിന് ശേഷം ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കും. അന്ന് രാത്രി ഭണ്ഡാരവീട്ടില്‍ തെയ്യം കൂടും. 12 ന് പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും.