എന്റെ കേരളം പ്രദര്‍ശന വിപണന മേള; കാലിക്കടവ് മൈതാനം ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയായ പിലിക്കോട് കാലിക്കടവ് മൈതാനവും ഏപ്രില്‍ 21ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിന്റെ വേദിയായ ബേക്കല്‍ ക്ലബ്ബും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പവലിയന്‍ ഡിസൈന്‍ ഏറ്റവും വേഗത്തില്‍ നല്‍കാന്‍ കിഫ്ബിക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കി. കാലിക്കടവില്‍ പുതിയ എന്‍ട്രസും എക്സിറ്റും സ്ഥാപിക്കാന്‍ തീരുമാനിച്ചു. നിലവില്‍ തടസ്സമായി നില്‍ക്കുന്ന പൈപ്പ് മാറ്റുന്നതിനും മികച്ച രീതിയില്‍ പവലിയന്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ജില്ലാ കളക്ടര്‍ നല്‍കി.

കാലിക്കടവില്‍ എ.ഡി.എം പി. അഖില്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടികളക്ടര്‍ ലിപു എസ് ലോറന്‍സ്, കെ.ഡി.പി സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, കിഫ്ബി, യു.എല്‍.സി.സി പ്രതിനിധികള്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, വാര്‍ഡ് മെമ്പര്‍ പ്രദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബേക്കല്‍ ക്ലബ്ബില്‍ എ.ഡി.എം പി. അഖില്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കെ.ഡി.പി സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2025 ഏപ്രില്‍ 21 മുതല്‍ 27 വരെ പിലിക്കോട് കാലിക്കടവ് മൈതാനത്താണ് പ്രദര്‍ശന വിപണന മേള നടക്കുക. 21ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഏപ്രില്‍ 21ന് രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ മുഖ്യമന്ത്രി ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ നേരില്‍ കാണാനും സൗജന്യ സേവനങ്ങള്‍ നേടുന്നതിനും തീം പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, എല്ലാദിവസവും കലാപരിപാടികള്‍ എന്നിവ മേളയില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *