പാലക്കുന്ന് : തിരുവായുധങ്ങളും തിടമ്പും കെട്ടിച്ചുറ്റിയ നര്‍ത്തകരും മേലാപ്പുമായി ഭണ്ഡാരവീട്ടില്‍ നിന്ന് വെള്ളിയാഴ്ച്ച രാത്രി ക്ഷേത്രത്തിലേക്ക്
എഴുന്നള്ളത്ത് പുറപ്പെട്ടതോടെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി. അനുബന്ധ ചടങ്ങുകള്‍ക്ക്
ശേഷം അനുഷ്ഠാന ഇടങ്ങളില്‍ പൂവിടലും തുടര്‍ന്ന് പി. വി. കുഞ്ഞിക്കോരന്‍ പണിക്കരുടെ നേതൃത്വത്തില്‍ പൂരക്കളിയും അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂവിടലും പൂരക്കളിയുമാണ് പ്രതിദിന ചടങ്ങ് . ശനിയാഴ്ച മുതല്‍ 7 വരെ രാത്രിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകലുമായിരിക്കും പൂരക്കളി. എല്ലാ ദിവസവും ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും അനുഷ്ഠാന സങ്കല്‍പ്പ ഇടങ്ങളില്‍ പൂവിടല്‍ നടത്തും. പൂരോത്സവത്തിന്റെ പ്രധാന ചടങ്ങായ പൂരംകുളി 10 ന് രാത്രിയായിരിക്കും. 11നാണ് ഉത്ര വിളക്കുത്സവം.
പൂരക്കുഞ്ഞി
ഉത്സവ നാളുകളില്‍ പൂവിടുന്നത് അതിനായി നിയുക്തയായ പൂരകുഞ്ഞിയായിരിക്കും. പൂജാരി സ്ഥാനത്തിന് അര്‍ഹമായ തറവാടുകളില്‍ നിന്ന് 10 വയസ്സ് കവിയാത്ത പെണ്‍കുട്ടി ആയിരിക്കും പൂരക്കുഞ്ഞിയാവുക. പാലക്കുന്ന് വടക്ക് വീട്ടിലെ മണികണ്ഠന്റെയും ചേരിക്കല്‍ തറവാട് അംഗമായ നിമിഷയുടെയും മകളാണ് ആദിയ. പൂരക്കുഞ്ഞിയാവാന്‍ ആദിയയ്ക്കിത് രണ്ടാമൂഴമാണ്. ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. പൂരോത്സവം തീരും വരെ പൂരക്കുഞ്ഞി ഭണ്ഡാരവീട്ടിലായിരിക്കും താമസിക്കുക. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളുടെ തിരിച്ചെഴുള്ളത്തിനെ ഭണ്ഡാരവീട്ടില്‍ അരിയിട്ട് വണങ്ങുന്നതും പൂരക്കുഞ്ഞിയായിരിക്കും.