തിരുവനന്തപുരം: സില്‍വര്‍ ജൂബിലി നിറവിലെത്തിയ
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രില്‍ 10 മുതല്‍ 12 വരെ തിരുവനന്തപുരം നന്ദന്‍കോട് സുമംഗലി ഓഡിറ്റോറിയത്തില്‍ (അശോകപുരം നാരായണന്‍ നഗര്‍) നടക്കുമെന്ന് പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
10 ന് കൊടിമര – പതാക ജാഥകള്‍ നടക്കും. പത്തനംതിട്ട അടൂരില്‍ നിന്നും പതാക ജാഥക്ക് വൈസ് പ്രസിഡന്റ് സനല്‍ അടൂരും നെയ്യാറ്റിന്‍കരയില്‍ നിന്നാരംഭിക്കുന്ന കൊടിമര ജാഥക്ക് വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചിന് ഇരു ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് നീങ്ങും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ തോട്ടക്കാട് ശശി പതാക ഉയര്‍ത്തും.
11 ന് രാവിലെ 10.30 ന് മാദ്ധ്യമ സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജീവന്‍ ടി.വി എം.ഡി സാജന്‍ വേളൂര്‍ ഉള്‍പ്പെടെയുള്ള
പ്രമുഖര്‍ പങ്കെടുക്കും.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എല്‍. എ, ഐ.ബി. സതീഷ് എം.എല്‍.എ, സിനിമ താരം
കൊല്ലം തുളസി എന്നിവര്‍ സംബന്ധിക്കും.
വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ദേശീയ സെക്രട്ടറി ജനറല്‍ എസ്. സബാനായകന്‍ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചക്ക് രണ്ട് വരെ പ്രതിനിധി സമ്മേളനം തുടരും. 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രന്‍ എം.എന്‍.എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
കഴക്കൂട്ടം പ്രേംകുമാര്‍, കെ.ജെ.യു സ്ഥാപക പ്രസിഡന്റ് റോയി മാത്യു, സ്ഥാപക ജനറല്‍ സെക്രട്ടറി ജഗദീഷ് ബാബു, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.വി. മിത്രന്‍, ബാബു തോമസ്, മുന്‍ ഭാരവാഹികളായിരുന്ന സുരേഷ് പട്ടാമ്പി, എല്‍.ആര്‍. ഷാജി, ഷാജി ഇടപ്പള്ളി എന്നിവര്‍ സംബന്ധിക്കും. ആദ്യകാല നേതാക്കളെയും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരെയും സമ്മേളനം ആദരിക്കും.
പ്രതിനിധി സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം മാദ്ധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.