ചാമുണ്ഡിക്കുന്നിലെ നളിനി ദേജുനായിക് ദമ്പതികള്‍ക്ക് ഈ വിഷുവിന് അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം….. വിഷുക്കൈനീട്ടമായി സ്‌നേഹവീട് നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ്.
എം. രാജഗോപാലന്‍ എം.എല്‍.എ താക്കോല്‍ ദാനം നടത്തി.
ചാമുണ്ഡിക്കുന്ന്: സ്വന്തമായി കിടന്നുറങ്ങാന്‍ ഒരു വീടെന്ന സ്വപ്നം ഏവരുടെയും അഭിലാഷമാണ്. ചാമുണ്ഡിക്കുന്ന് റെയില്‍വേ ലൈനിന് സമീപം താമസിക്കുന്ന വി.നളിനി ദേജുനായിക്ക് ദമ്പതികള്‍ക്ക് തങ്ങളുടെ അഭിലാഷം പൂവണിയുന്ന ദിവസമായിരുന്നു വിഷു തലേന്നായ ഞായറാഴ്ചയിലെ സുദിനം. തകര്‍ന്നടിഞ്ഞ് വാസയോഗ്യമല്ലാത്ത ഒരു കൂരയിലായിരുന്നു ഇരുവരുടെയും താമസം. ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ് ഒരു വീട് വച്ചു കൊടുക്കാന്‍ തീരുമാനിച്ചത്. പദ്ധതി പ്രവര്‍ത്തനം തുടങ്ങി അപേക്ഷ പ്രകാരം തികച്ചും അര്‍ഹമായ ഒരു കുടുംബത്തെ തന്നെയാണ് ഈ പദ്ധതിക്കായി അജാനൂര്‍ സി.ഡി.എസ് തെരഞ്ഞെടുത്തത് യുദ്ധകാല അടിസ്ഥാനത്തില്‍ ആറുമാസം കൊണ്ട് ആറ് ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചു കൊണ്ടാണ് ഇരു മുറികളും സ്വീകരണം മുറിയും അടുക്കളയും ഒപ്പം നല്ലൊരു ശുചിമുറിയും ഉള്ള വീട് നിര്‍മ്മിച്ചു നല്‍കിയത്. 2002ല്‍ രജിസ്റ്റര്‍ ചെയ്ത അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി. എസ് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം കലാസാംസ്‌കാരിക കാരുണ്യ രംഗങ്ങളിലും സജീവമാണ്. സംസ്ഥാന മിഷന്റെയും ജില്ലാ മിഷന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. കുടുംബശ്രീ അരങ്ങ് കലോത്സവങ്ങളില്‍ സംസ്ഥാനതലം വരെ അജാനൂര്‍ സി.ഡി.എസിലെ കലാകാരികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങി കൂട്ടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഇന്നും തികച്ചും മാതൃകാപരമായി തന്നെ സി.ഡി.എസിന്റെ പ്രവര്‍ത്തനം അജാനൂരില്‍ നടന്നുകൊണ്ടിരിക്കുന്നു. 2024 ജനുവരി ഒന്നിന് നടന്ന സി.ഡി.എസിന്റെ യോഗത്തില്‍ സ്‌നേഹ ഭവനം എന്ന ആശയം ഉയര്‍ന്നുവരികയും അന്നുതന്നെ ഇതിനു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താന്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. അങ്ങനെ ഓരോ വാര്‍ഡുകളിലും നല്‍കാന്‍ 100 രൂപയുടെ സമ്മാന കൂപ്പണ്‍ അടിക്കുകയും സി.ഡി.എസ്, എ.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്ത് ഫണ്ട് കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഒന്നാം സമ്മാനമായി പത്തായിരം രൂപയും രണ്ടാം സമ്മാനമായി 7000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും കൂടാതെ 23 വാര്‍ഡില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ 10 കിലോ അരി, പ്രോത്സാഹന സമ്മാനം കൂടി വച്ചുകൊണ്ടാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത് . അങ്ങനെ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ സ്‌നേഹ വീടിന് പ്രത്യേകമായി ഒരു അക്കൗണ്ട് നല്‍കുകയും കുടുംബശ്രീ സിഡിഎസ് അയല്‍ക്കൂട്ടം അംഗങ്ങള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ ഇതിന് ആവശ്യമായ തുക ബാങ്കില്‍ ലഭിക്കുകയും ചെയ്തു.മുന്‍ ഭരണ സമിതിയുടെ കാലത്താണ് ഇങ്ങനെയൊരു സ്വപ്ന തുല്യമായ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ എം. വി രത്‌നകുമാരി ചെയര്‍പേഴ്‌സണ്‍ ആയുള്ള സി.ഡി.എസിന്റെ അഞ്ചാമത്തെ ഭരണസമിതിയാണ് പ്രവര്‍ത്തനം നടത്തി വീടിന്റെ താക്കോല്‍ദാനം നടത്തിയിരിക്കുന്നത്. ഒപ്പം അജാനൂര്‍ പഞ്ചായത്ത് ഭരണസമിതിയും ഈ പ്രവര്‍ത്തനത്തിന് നിര്‍ലോഭമായ പിന്തുണ നല്‍കി. സ്‌നേഹ തണല്‍ എന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് കാസര്‍ഗോഡ്ജില്ല കുടുംബശ്രീ എ.ഡി.എം.സി
ഡി. ഹരിദാസ്, ജന പ്രതിനിധികള്‍, കുടുംബശ്രീ എ.ഡി.എസ്, സി. ഡി. എസ് അംഗങ്ങള്‍ ഹരിതസേന പ്രവര്‍ത്തകര്‍ മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദമ്പതികളായ വി. നളിനി- തേജു നായക് ദമ്പതികള്‍ ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ദേവി രവീന്ദ്രന്‍, മുന്‍ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ കെ. സുജാത, പൊതുപ്രവര്‍ത്തകരായ കെ. രാജ് മോഹനന്‍, കുഞ്ഞിരാമന്‍ എക്കാല്‍, ഹമീദ് ചേരക്കാടത്ത്, സി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ എം. വി.രത്‌നകുമാരി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു നന്ദിയും പറഞ്ഞു. വീട് ലഭിച്ച വി. നളിനി ദേജു നായിക്ക് ദമ്പതികള്‍ സന്തോഷ സൂചകമായി പരിപാടിക്ക് എത്തിയ എല്ലാവര്‍ക്കും പ്രഥമന്‍ അടക്കം സമ്മാനിച്ചുകൊണ്ട് വിഭവസമൃദ്ധമായ സദ്യയും നല്‍കി.