എന്റെ കേരളം പ്രദര്‍ശന വിപണനമേള : കാലിക്കടവ് മൈതാനത്ത് പന്തലൊരുങ്ങുന്നു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേളയുടെ ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 72,000 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുങ്ങുന്നത്.

ഇതില്‍ 45,000 സ്‌ക്വയര്‍ ഫീറ്റ് ഭാഗം എയര്‍ കണ്ടീഷന്‍ഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരത്തിലുള്ള പ്രദര്‍ശന പവലിയനുകളും സജ്ജീകരിക്കുന്നത്.കാര്‍ഷിക പ്രദര്‍ശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള നോണ്‍ എ.സി പന്തലുകള്‍ സജ്ജമാക്കും.
പുറമേ, 8,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ വലിയ വേദിയും ഒരുക്കും. മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഫുഡ് കോട്ടിന് 10,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുണ്ട്. കൂടാതെ, കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ചില്‍ഡ്രന്‍സ് സോണും ഒരുങ്ങും.പന്തലിന്റെ നിര്‍മ്മാണം
16ന് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുമെന്ന് നിര്‍മ്മാണം നടത്തുന്ന ഐ.ഐ.ഐ.സി ജില്ലാ കോഡിനേറ്റര്‍ സനൂജ് അറിയിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ നാളെയോടെ ആരംഭിക്കും.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21 മുതല്‍ 27 വരെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് വെച്ച് നടക്കും നടക്കും. ഏപ്രില്‍ 21ന് രാവിലെ 11ന് ജില്ലയിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും.സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ നേരില്‍ കാണാനും സൗജന്യ സേവനങ്ങള്‍ നേടുന്നതിനും തീം പവലിയനുകള്‍, വിപണന സ്റ്റാളുകള എന്നിവയുണ്ടാകും ഫുഡ് കോര്‍ട്ട്, എല്ലാദിവസവും കലാപരിപാടികള്‍ എന്നിവ മേളയില്‍ ഉണ്ടാകും. കാര്‍ഷിക പ്രദര്‍ശനം, പെറ്റ് ഷോ, കിഡ്സ് സോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, തുടങ്ങിയവ മേളയുടെ ആകര്‍ഷകങ്ങളാണ്.

പവലിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും എന്റെ കേരളം പ്രദര്‍ശന വിപണന മേളയും നടക്കുന്ന കാലിക്കടവ് മൈതാനം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് സന്ദര്‍ശിച്ച് പവലിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ സ്റ്റേജ് പവലിയന്‍, സ്റ്റാളുകള്‍ എന്നിവ 16നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 16 മുതല്‍ തീം സ്റ്റാളുകള്‍ ആരംഭിക്കുന്നതിനും വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
.പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം പ്രദീപന്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസറും എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനറുമായ വി ചന്ദ്രന്‍, ജില്ലാതല സംഘാടകസമിതി കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, നിര്‍മ്മാണം നടത്തുന്ന
ഐ ഐ ഐ സി ജില്ലാ കോഡിനേറ്റര്‍ സനൂജ് തുടങ്ങിയവര്‍ ജില്ലാ കളക്ടറുമായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *