വയനാട്ടുകുലവന്‍ ഇന്ന് അരങ്ങിലെത്തും
പാലക്കുന്ന് : ഉച്ചസ്ഥായിയിലായ ചെണ്ടമേള ഘോഷത്തിനോടൊപ്പം കണ്ടനാര്‍കേളന്‍ തെയ്യം ആയിരങ്ങളെ സാക്ഷിയാക്കി മറക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ പാലക്കുന്ന് കഴകം പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനക്കാരുടെയും അത് നിലകൊള്ളുന്ന കളിങ്ങോത്ത് പ്രാദേശിക സമിതി അംഗങ്ങളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് സുകൃത പുണ്യം. ഭക്ത്യാവേശത്തില്‍ വെളിച്ചപ്പാടുകളും ആര്‍പ്പ് വിളികളോടെ ഭക്തരും കുലവന്റെ ചങ്ങാതിയായ കേളന്റെ സാന്നിധ്യം മറക്കളത്തില്‍ ആഘോഷമാക്കി. കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷമായിരുന്നു കണ്ടനാര്‍കേളന്റെ വെള്ളാട്ടം. ദേവസ്ഥാനത്തെത്തിയ വന്‍ പുരുഷാരത്തിന് ദര്‍ശനപുണ്യമായി ബപ്പിടല്‍ ചടങ്ങ് പൂര്‍ത്തിയാക്കി കണ്ടനാര്‍ കേളന്‍ മറക്കളം വിട്ടശേഷം
വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും നടന്നു.
ദേവസ്ഥാനത്ത് ഇന്ന് (17)
പൊയ്ക്കണ്ണിന്റെ നേരിയ വെളിച്ചത്തില്‍ മറക്കളത്തില്‍ ചുവട് വെയ്ക്കുന്ന വയനാട്ടുകുലവന്റെ ചടുല നൃത്തം കാണാന്‍ ആയിരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 3ന് ശേഷം ദേവസ്ഥാനത്തെത്തും. വേഷത്തിലും നൃത്തത്തിലും അനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും കുലവന്റെ പ്രത്യേകതയാണ്.
105 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചൂട്ടൊപ്പിക്കല്‍ ചടങ്ങ് ഇവിടെ നടക്കുക. ചൂട്ടൊരുക്കാന്‍ നേതൃത്വം നല്‍കുന്നത് പാലക്കുന്ന് ക്ഷേത്ര സ്ഥാനികരാണ്. കത്തിച്ച ചൂട്ട് വെളിച്ചപ്പാടിന്റെ സഹായത്തോടെ അതിനായി നിയുക്തനായ ആള്‍ കുലവന് സമര്‍പ്പിക്കും. ചൂട്ടുമായി ചെണ്ടയുടെ താളത്തില്‍ ചുവടൊപ്പിച്ച കുലവന്റെ നൃത്തം കാണാനാണ് ഭക്തര്‍ക്ക് പ്രിയം.
രാവിലെ കോരച്ചന്‍ തെയ്യത്തിന്റെയും കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെയും പുറപ്പാടുകള്‍ ഉണ്ടാകും. ചൂട്ടൊപ്പിക്കലിന് ശേഷം വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും നടക്കും. മൂന്ന് ദിവസം നീണ്ട തെയ്യംകെട്ട് ഉത്സവം ഇന്ന് രാത്രി 10 ന് ശേഷം മറപിളര്‍ക്കല്‍ ചടങ്ങോടെ സമാപിക്കും. തുടര്‍ന്നുള്ള കൈവീതും ഇതിന്റെ ഭാഗമാണ്.