ആശങ്കയിലായ കുടുംബാംഗങ്ങള്‍ ആശ്വാസത്തില്‍ ഇപ്പോള്‍ മുംബൈയിലുള്ള ഇവര്‍ ഉടന്‍ നാട്ടിലെത്തും
പാലക്കുന്ന്: പശ്ചിമ ആഫ്രിക്കന്‍ രാജ്യ മായ ടോഗോയിലെ തുറമുഖമായ ലോമെ യില്‍ നിന്ന് കമറൂണ്‍ രാജ്യത്തിലെ ദുവാല
തുറമുഖം ലക്ഷ്യ മിട്ട് യാത്ര പുറപ്പെട്ട കപ്പലില്‍ കയറിയ കടല്‍ കൊള്ളക്കാര്‍ അതിലെ 10 ഇന്ത്യക്കാരെ അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കിയത് മാര്‍ച്ച് 17 നായിരുന്നു. ഒരു മാസത്തോളം ബന്ദി കളാക്കപ്പെട്ട മലയാളി അടക്കമുള്ള ജീവനക്കാരെ കുറിച്ച് പിന്നീട് ഒരു വിവരവും പുറത്തു വന്നില്ല. റാഞ്ചല്‍ വാര്‍ത്ത പുറം ലോകം അറിയാനും ഏറെ വൈകി. ബന്ദികളാക്കപ്പെട്ടവരില്‍ കാസര്‍കോട് ജില്ലയില്‍ ഒരാള്‍ ഉണ്ടെന്ന തിനാല്‍ ജില്ലയില്‍ മാത്രം വിവരം ഒതുങ്ങി പ്പോവുകയായിരുന്നു. മാസം തികയാന്‍ ഏതാനും ദിവസം ബാക്കിയിരിക്കെ കഴിഞ്ഞ ദിവസമാണ് സുരക്ഷിതമായി ഇവര്‍ മോചിതാരയെന്ന വിവരം ആശങ്കയിലായിരുന്ന
കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമായെത്തിയത്. മോചിതരായ 10 പേരും ബന്ധപ്പെട്ടവരുടെ നിര്‍ദേശമനുസരിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി. ഷിപ്പിങ്) മുന്‍പാകെ ഹാജരായി. ബന്ദികളാക്കപ്പെട്ട 10 പേരില്‍ 7 പേരും ഇന്ത്യക്കാര്‍. മൂന്ന് പേര്‍ റുമാനിയക്കാര്‍ ആയിരുന്നു. ജില്ലയില്‍ നിന്നുള്ള പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറ സ്വദേശി
രാജീന്ദ്രനാണ് ഏക മലയാളി. മലയാളിയാണെന്ന് പറയാമെങ്കിലും ആസിഫ് അലി മിനിക്കോയിക്കാരനാണ്.
തമിഴ് നാട്ടുകാരായ പ്രദീപ് മുരുകന്‍, സതീഷ് കുമാര്‍ എന്നിവര്‍ക്ക് പുറമെ സന്ദിപ് കുമാര്‍ സിങ് (ബിഹാര്‍), സമീന്‍ ജാവേദ്, സോള്‍ക്കാര്‍ റിഹാന്‍ (മഹാരാഷ്ട) എന്നിവരാണ് തടവിലായ മറ്റുള്ളവര്‍. മുംബൈയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനകം അവരെല്ലാം വീടുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. മുംബൈയിലെ മറീടെക് ഏജന്‍സി ഓഫീസു വഴിയാണ് ഇവരെല്ലാം ബിട്ടു റിവര്‍ എന്ന എണ്ണക്കപ്പലില്‍ ജോലിക്കെത്തിയത്.
രജീന്ദ്രന്‍ കപ്പലില്‍ ചീഫ് കുക്കായി ജോലിയില്‍ കയറിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ലോമെ വിട്ട് അടുത്ത പോര്‍ട്ടില്‍ എത്തിയാല്‍ കരാര്‍ സമയം പൂര്‍ത്തിയാക്കി കപ്പലില്‍ നിന്ന് ഇറങ്ങി നാട്ടിലെത്താനിരിക്കെയാണ് റാഞ്ചല്‍ നടന്നത്.
രജീന്ദ്രന്റെയും മറ്റ് ഇന്ത്യന്‍ ജീവനക്കാരുടെയും വിടുതല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 5ന്റെ ദേശീയ കപ്പലോട്ട ദിനം കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ്ബും ജില്ലാ സിമെന്‍സ് അസോസിയേഷനും ബഹിഷ് ക്കരിച്ചിരുന്നു.