ബേക്കല്‍ ബീച്ച് ഫെസ്റ്റ് നാടിന്റെ ഉത്സവമറിയിച്ച് വിളംബര ഘോഷയാത്ര

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് സംഘടിപ്പിച്ച വര്‍ണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവര്‍ന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരയും മാനത്ത് തെളിയിച്ച സുവര്‍ണറാന്തലുകളും ഉത്സവത്തിന് മാറ്റേകി.

ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് പള്ളിക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ 3000ത്തിലധികം ആളുകള്‍ അണിനിരന്നു. ഘോഷയാത്ര പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കോട്ടക്കുന്ന് വഴി ബേക്കല്‍ ബീച്ചില്‍ അവസാനിച്ചു. തുടര്‍ന്നാണ് തിരുവാതിരയും ലാന്റേണ്‍ ഫെസ്റ്റും അരങ്ങേറിയത് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, വൈസ് പ്രസിഡണ്ട് നസ്നീം വഹാബ്, ബി.ആര്‍.ഡി. സി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. സംഘാടക സമിതി ഭാരവാഹികളായ മധു മുതിയക്കാല്‍, ഹക്കീം കുന്നില്‍, എം.എ.ലത്തീഫ്, കെ.ഇ.എ.ബക്കര്‍, വി.രാജന്‍, കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, വിളംബരഘോഷയാത്ര ഭാരവാഹികളായ ഹനീഫ കുന്നില്‍, പി.അനില്‍കുമാര്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംഘാടകസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായി.

കേരള വസ്ത്രം അണിഞ്ഞ 2000 കുടുംബശ്രീ പ്രവര്‍ത്തകര്‍, നൂറ് മൂത്തു കുടകള്‍, മോഹിനിയാട്ടം, യക്ഷഗാനം കഥകളി, മാര്‍ഗംകളി, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ നൃത്ത ഇനങ്ങള്‍, വിവിധ ഇനം വേഷങ്ങള്‍, നാസിക് ഡോള്‍, നിശ്ചില ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡ് സെറ്റ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി. വിളംബര ഘോഷയാത്രയ്ക്ക് ശേഷം പള്ളിക്കര ബീച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി. ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് ലാന്റേണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. 200 ഓളം റാന്തലുകള്‍ പള്ളിക്കര ബീച്ചിന്റെ ആകാശത്ത് വിസ്മയം ഒരുക്കി. കരിമരുന്ന് പ്രകടനത്തോടുകൂടി വിളബര ഘോഷയാ സമാപിച്ചു. ഡി.വൈ.എസ്പി. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സുരക്ഷയൊരുക്കി.

ബേക്കല്‍ ഫെസ്റ്റ് നിയമസഭ സ്പീക്കര്‍ 2 ഉദ്ഘാടനം ചെയ്യും

ഡിസംബര്‍ 22നാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിനു തുടക്കമാകുന്നത്. വൈകീട്ട് 5.30 ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാം പതിപ്പില്‍ കലാപരിപാടികളും എക്സ്പോയും വിപണന മേളയും ഒരുക്കും. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി ലാസ്യ കലാക്ഷേത്രയുടെ നൃത്താവിഷ്‌കാരം കര്‍ണ്ണന്‍ അരങ്ങേറും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31ന് ബീച്ച് ഫെസ്റ്റ് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *