ധന്യ ചികിത്സാ സഹായ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ച് സ്‌നേഹസ്പര്‍ശം കൂട്ടായ്മ

പിലിക്കോട് : ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയെ സഹായിക്കാന്‍ ഒരു നാട് ഒന്നടങ്കം കൈകോര്‍ക്കുമ്പോള്‍
പുതുമാതൃകയും ചരിത്രവുമായി ബിരിയാണി ചലഞ്ച്. കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്തിലെ ആണൂര്‍ സ്വദേശി കെ.പി. ധന്യയുടെ കുടുംബത്തെ സഹായിക്കാനാണ് തൊട്ടടുത്ത ജില്ലയിലെ പിലിക്കോട് സ്‌നേഹ സ്പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മത രാഷ്ടീയ ഭേദമന്യെ ഒറ്റക്കെട്ടായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

ഒരു ബിരിയാണിക്ക് 100 രൂപ എന്ന നിലയിലായിരുന്നു വില്‍പന. ബിരിയാണിക്ക് ആവശ്യമായ അരിയും ഇറച്ചിയും ഉള്‍പ്പെടെയുള്ളവ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു . നാട്ടില്‍ നിന്നും അയല്‍നാട്ടില്‍ നിന്നും ഓര്‍ഡര്‍ കണ്ടെത്താന്‍ അയല്‍ ഗ്രാമങ്ങളിലെയെല്ലാം സന്നദ്ധ പ്രവര്‍ത്തകര്‍ ഒന്നിച്ചു രംഗത്തിറങ്ങി. ഡിസംബര്‍ 24 ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകല്‍ തന്നെ തുടങ്ങി. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരികഴുകുന്നതും മുതല്‍ പാചകം വരെ ഓരോന്നിനും സന്നദ്ധരായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ആയിരത്തി എണ്ണൂറോളം ബിരിയാണി പാക്കറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചത്. ഇത് ഓരോ സ്ഥലത്തും എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാനും ഓടിക്കാനും വിതരണം ചെയ്യാനും ഓട്ടോറിക്ഷയും ബൈക്കും മുതല്‍ ആഡംബര കാറുകള്‍ വരെ വിട്ടു തന്നു. ശനിയാഴ്ച രാത്രി മുഴുവന്‍ ഉറക്കമിളച്ച് പാചകം. ഞായര്‍ രാവിലെ ഏഴ് മണിക്ക് പാക്കിങ് തുടങ്ങി15 ബിരിയാണി പാക്കറ്റുകള്‍ വീതം ഓരോ ബോക്സിലും അടുക്കിവെച്ചു.
ഞായറാഴ്ച്ച ഉച്ചക്ക് പിലിക്കോട് പ്രദേശത്ത് മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. അത് കഴിച്ചപ്പോള്‍ വയറുമാത്രമല്ല നിറഞ്ഞത്. ദുരിതമനുഭവിക്കുന്ന സഹോദരിക്ക് കൈത്താങ്ങായതിന്റെ നിര്‍വൃതിയില്‍ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോര്‍ത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖങ്ങളിലും. സ്‌നേഹ സ്പര്‍ശം വളണ്ടിയര്‍മാരായ അനൂപ് കാനായി, രഞ്ജി ഫ്രന്റ്‌സ്, രതീഷ് ,സൂരജ് , സഹദേവന്‍ (എല്ലാവരും കരക്കേരു) രാജേഷ് പിലിക്കോട്, വിനോദ് വയലില്‍ എന്നിവര്‍ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ ചികിത്സാ കമ്മറ്റി ഭാരവാഹികളായ വി.ശ്രീവിദ്യ, ടി.വി. വിനോദ്, കൊടക്കാട് നാരായണന്‍ ,എം. അമ്പൂഞ്ഞി എന്നിവര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *