ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും: മന്ത്രി റോഷി അഗസ്റ്റിന്‍

ഓരോ പ്രദേശത്തിന്റെയും വിനോദ സഞ്ചാര മേഖലയിലെ ഉയര്‍ച്ചയിലെയും ഉണര്‍വിലെയും പ്രധാന നാഴികക്കല്ലാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റീവല്‍ പോലുള്ള പരിപാടികളെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ മനോഹരമായി നടത്തിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നാം പതിപ്പിന് ശേഷം രണ്ടാം പതിപ്പ് പൂര്‍വ്വാധികം മനോഹരമായി നടത്താനുള്ള സംഘാടക സമിതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ടൂറിസം രംഗത്ത് കേരളത്തിന്റെ മാറ്റം വളരെ നല്ല രീതിയില്‍ ദൃശ്യമാകുന്ന ഘട്ടമാണ് നിലവിലുള്ളത്. ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ കൂടുതല്‍ ഇടം തേടുന്നത് കേരളത്തിലെ വിനോദ സഞ്ചാര മേഖലകളാണ്. ഇറിഗേഷന്‍ ടൂറിസം എന്ന ആശയം നടപ്പാക്കി വരികയാണ് ജലസേചന വകുപ്പ് . ജലസേചന വകുപ്പിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കാര്യക്ഷമമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബേക്കല്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍ , ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ. ഇ ബക്കര്‍, കണ്‍വീനറും ജില്ലാ യൂത്ത് കോര്‍ഡിനേറ്ററുമായ എ.വി ശിവപ്രസാദ്, സംഘാടക സമിതി അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, എം.എ ലത്തീഫ്, വി സൂരജ്, പി.എച്ച് ഹനീഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മധു മുതിയക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *