‘ശക്തി’യുടെ ആസ്ഥാന മന്ദിരത്തിന് പാലക്കുന്നില്‍ ശീലയിട്ടു

പാലക്കുന്ന് : യു.എ.ഇ.യില്‍ ജോലിചെയ്യുന്ന ജില്ലയിലെ തീയ്യ സമുദായത്തില്‍ പെട്ട പ്രവാസി കൂട്ടായ്മ ‘ശക്തി’ (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യാസ്) യ്ക്ക് പാലക്കുന്നില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കും. ടൗണില്‍ നിര്‍മിക്കുന്ന ഇരുനില മന്ദിരത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യ കര്‍മി സുനീഷ് പൂജാരി നിര്‍വഹിച്ചു. തുടര്‍ന്ന് പാലക്കുന്ന് ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശക്തി കാസറകോട് യു.എ. ഇ. പ്രസിഡന്റ് വിജയകുമാര്‍ പാലക്കുന്ന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കുഞ്ഞിരാമന്‍ ചുള്ളി, പാലക്കുന്നു ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി പി. പി. ചന്ദ്രശേഖരന്‍, ആശ്രയ യു.എ.ഇ പ്രസിഡന്റ് പുരുഷോത്തമന്‍ പടിഞ്ഞാര്‍, ശക്തി കൂട്ടായ്മ കാസറകോട് മേഖല പ്രസിഡന്റ് അച്യുതന്‍ പള്ളം, ശക്തി യു.എ.ഇ മുന്‍ പ്രസിഡന്റും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റുമായ ഗണേഷ് അരമങ്ങാനം, മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ പാക്കം, ദാമോദരന്‍ മണിയങ്ങാനം, ബാലകൃഷ്ണന്‍ ഇടുവുങ്കാല്‍, ബാലകൃഷ്ണന്‍ വെങ്ങാട്ട്, ആടിയത്ത് അച്യുതന്‍, പി. വി. കൃഷ്ണന്‍, എച്ച്. വിശ്വംഭരന്‍,എന്നിവര്‍ പ്രസംഗിച്ചു.

ശക്തി കൂട്ടായ്മ

2006 ലാണ് ‘ശക്തി കാസര്‍കോട്’ എന്ന പേരില്‍ സംഘടനയ്ക്ക് ഗള്‍ഫില്‍ രൂപം നല്‍കിയത്. സാമൂഹിക, സാംസ്‌കാരിക, കായിക, സാമുദായിക രംഗത്ത് ഉന്നമനം എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. ‘ശക്തി സ്‌നേഹവീട് പദ്ധതി’ വഴി ചെറുവത്തൂര്‍ മയിച്ചയില്‍ നിര്‍ധന കുടുംബത്തിന് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. രണ്ടാമത്തെ വീട് നിര്‍മാണത്തിന്റെ കരട് തയ്യാറായി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാഞ്ഞങ്ങാട് ദീപ നഴ്സിങ് ഹോമില്‍ ഡയാലിസിസ് യൂണിറ്റും നല്‍കി യിട്ടുണ്ട് .പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകളും മിടുക്കരായവരെ കണ്ടെത്തി വിദ്യാഭ്യാസ അവാര്‍ഡുകളും നല്‍കി വരുന്നുണ്ട്. ശക്തിക്ക് വനിതാ വിങും കാസര്‍കോട് കേന്ദ്രീകരിച്ച് ഉപകമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *