സംസ്ഥാന സ്‌കൂള്‍ കലോത്സവം 2024: കലാമാമാങ്കത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ വച്ചാണ് ഉദ്ഘാടന ചടങ്ങ്. സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

രാവിലെ 9:00 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, നടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നിവയും നടക്കും. തുടര്‍ന്ന് സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കലാമേളയുടെ ഭാഗമാകുക. വിവിധ മത്സരങ്ങള്‍ക്കായി 24 വേദികള്‍ സജ്ജമാക്കിയിട്ടുണ്ട്.

ജനുവരി 8-ന് വൈകിട്ട് 5:00 മണിക്കാണ് കലോത്സവം സമാപിക്കുക. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി വി.ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കുന്നതാണ്. നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *