വോട്ട് വണ്ടി പ്രയാണം തുടരുന്നു; കോളേജുകളിലും കോളനിയിലും ബോധവത്ക്കരണം നടത്തി

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദൂരീകരണത്തിനുമായി സ്വീപ്പിന്റെയും ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന വോട്ട് വണ്ടി പര്യടനം തുടരുന്നു. ചട്ടഞ്ചാല്‍ എം.ഐ.സി കോളേജില്‍ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍ ജി.സുരേഷ് ബാബു ക്ലാസെടുത്തു. വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തി. ഉദുമ ഗവണ്‍മെന്റ് കോളേജില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള പോസ്റ്റര്‍ രചനാ മത്സരം നടത്തുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു. പെരിയ ഗവണ്‍മെന്റ് പോളി ടെക്നിക്ക് കോളേജില്‍ ഒപ്പുമരം ഒരുക്കി. വിദ്യാര്‍ത്ഥികള്‍ വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി ഒപ്പു മരത്തില്‍ ഒപ്പുചാര്‍ത്തി. പെരിയ ഡോ.അംബേദ്ക്കര്‍ കോളേജില്‍ ഇലക്ഷന്‍- തെരഞ്ഞെടുപ്പിന്റെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തി. പനയാല്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ സി.പി.സുജിത്ത് ക്വിസ് നയിച്ചു. ഏഴ് ടീമുകള്‍ പങ്കെടുത്തു. പെരിയ നവോദയ കോളനിയിലെ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷിന്‍ പരിചയപ്പെടുത്തുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു. ജില്ലാതല മാസ്റ്റര്‍ ട്രെയിനറായ ജി.സുരേഷ് ബാബു ക്ലാസെടുത്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *