അഞ്ച് വയസ്സ് മുതല്‍ ഏഴ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും

വിദ്യാഭ്യാസ വകുപ്പും ഐ.ടിമിഷനും സംയുക്തമായി അഞ്ച് വയസ്സ് മുതല്‍ ഏഴ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയില്‍ ഡിസംബര്‍ 31 വരെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ടായിരുന്ന 5,22,000 പേരില്‍ 1,93,000 പേര്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു. 2023 ആഗസ്ത് മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷം കഴിഞ്ഞ 83,541 പേര്‍ ആധാര്‍ പുതുക്കി. അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ ഡോക്യുമെന്‍ുകള്‍ അപ്‌ഡേറ്റ് ചെയ്ത കണക്കാണിത്. ജില്ലയില്‍ ഡിസംബര്‍ 31 വരെ അഞ്ച് വയസ്സില്‍ താഴെയുള്ള 8000 കുട്ടികള്‍ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തിയെന്നും യോഗം വിലയിരുത്തി.

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആധാര്‍ ഉറപ്പാക്കും

അങ്കണവാടികളില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടത്തി വരുന്നത് തുടരും. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാക്കാന്‍ താഹ്‌സില്‍ദാര്‍ നല്‍കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കേറ്റും മറ്റ് രേഖകള്‍ ഇല്ലെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ നല്‍കുന്ന ശുപാര്‍ശ്ശകത്തും പരിഗണിച്ച് ആധാര്‍ ലഭ്യമാക്കും. വൃദ്ധമന്ദിരങ്ങളിലുള്ളവര്‍ക്ക് സ്ഥാപനത്തിലെ ഔദ്യോഗിക പ്രതിനിധി നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ രേഖയായി പരിഗണിച്ച് ആധാര്‍ നല്‍കും. ആധാറുമായി ബന്ധപ്പെട്ട കൃത്രിമങ്ങള്‍ നിരീക്ഷിക്കുമെന്നും യോഗം അറിയിച്ചു.

ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ലഭ്യമാക്കും

കിടപ്പു രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ആധാര്‍ അപ്‌ഡേഷന്‍ ചെയ്ത് കൊടുക്കുന്ന ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ലഭ്യമാക്കും. ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഭിന്നശേഷിക്കാര്‍ ജില്ലാ അക്ഷയ കേന്ദ്രത്തില്‍ 700 രൂപ ഫീസായി നല്‍കണം.അപേക്ഷ സമര്‍പ്പിച്ച് . അപേക്ഷകരുടെ വീടുകളിലേക്കേ് ജീവനക്കാരെത്തി ആധാര്‍ കാര്‍ഡ് നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.നവീന്‍ബാബു അദ്ധ്യക്ഷനായി. യു.ഐ.ഡി.എ.ഐ എസ്.ടി പ്രൊജക്ട് മാനേജര്‍ ടി.ശിവന്‍ ജില്ലയുടെ ആധാര്‍ സംബബന്ധിച്ച സ്ഥിതി വിവരങ്ങള്‍ വിശദീകരിച്ചു. യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ വിനോദ് ജോണ്‍ ജില്ലയിലെ വിവരങ്ങള്‍ വിലയിരുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, ഐ.ടി മിഷന്‍ ഡി.പി.എം കപില്‍ദേവ്, ജില്ലാ സിവില്‍സപ്ലൈസ് ഓഫീസര്‍ എം.സുല്‍ഫിക്കര്‍, കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എം.മല്ലിക, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ.പി രാജ്, ഫിനാന്‍സ് ഓഫീസര്‍ മുഹമ്മദ് സെമീര്‍, ഐ.പി.പി.ബി കാസര്‍കോട് സീനിയര്‍ മാനേജര്‍ എം.സബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *