ഗയിന്‍ പി.എഫ്. സംവിധാനം ലളിതമാക്കണമെന്ന് കെപിഎസ്ടിഎ കാസര്‍കോട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

ചട്ടംച്ചാല്‍: എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് സംവിധാനമായ ഗെയിന്‍ പി.ഫ്. വഴി അധ്യാപകര്‍ ലോണെടുക്കുമ്പോഴുണ്ടാകുന്ന ഇരട്ട അപേക്ഷ സംവിധാനം ഒഴിവാക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) കാസര്‍കോട് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓണ്‍ലൈനായി അപേക്ഷ കൊടുക്കുന്നതോടെപ്പം മാനുവലായി തയ്യാറാക്കയ സ്റ്റേറ്റ്മെന്റും അപേക്ഷയും മറ്റു രേഖകളും നല്‍കണം എന്ന വ്യക്തതയില്ലാത്ത തീരുമാനം ഇപ്പോഴും കാസറഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിലനില്‍ക്കുന്നു. പേപ്പര്‍ ലെസ് സംവിധാനം ഇപ്പോഴും കാര്യക്ഷമമായി നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല എന്നത് ഏറെ ലജ്ജാകരമാണെന്നും സമ്മേളനം കുറ്റപെടുത്തി.

ചട്ടംച്ചാല്‍ ബെണ്ടിച്ചാല്‍ ഗവ.യു പി സ്‌കൂളില്‍ നടന്ന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജോണ്‍ കെ എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ശോഭന എ, പ്രേമാനന്ദന്‍ ആര്‍ വി, ജ്യോതി ലക്ഷ്മി കെ, ആനന്ദകൃഷ്ണന്‍ എടച്ചേരി എന്നിവരെ അനുമോദിച്ചു. കെപിഎസ്ടിഎ നേതാക്കളായ അശോകന്‍ കോടോത്ത്, ബെന്നി പി ടി, ശോഭന എ, ജോസ് മാത്യൂ, അശോകന്‍ മുങ്ങത്ത്, സി കെ വേണു, വിമല്‍ അടിയോടി, എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ഹരീഷ് പേറയില്‍ സ്വാഗതവും ട്രഷറര്‍ രജനി കെ ജോസഫ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഇ ജെയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍ കെ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തെ മാറ്റപെടേണ്ട വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന നിര്‍വ്വാഹ സമിതി അംഗം എ വി ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റായി കെ എ ജോണിനേയും സെക്രട്ടറിയായി ഹരീഷ് പ്രസാദ് പേറയിലിനെയും ട്രഷററായി ഷൈമ പറമ്പത്തിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *