ലഹരിക്കെതിരെ ”ഉയിര്‍പ്പു”മായി യുവജനക്ഷേമ ബോര്‍ഡ് അവളിടം ക്ലബിന്റെ ഉയിര്‍പ്പ് കലാജാഥയ്ക്ക് ഇന്ന് തുടക്കം

ജില്ലയിലെ കാമ്പസുകളെ ലഹരിമുക്തമാക്കാനും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ അവളിടം ക്ലബ് നടത്തുന്ന ഉയിര്‍പ്പ് കലാജാഥക്ക് ഇന്ന് (ജനുവരി 23) തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ കാമ്പസുകളിലും പ്രധാന ടൗണുകളിലും കലാജാഥ പര്യടനം നടത്തും. ഇന്ന് (ജനുവരി 23) രാവിലെ 9.30ന് ഗോവിന്ദപൈ കോളേജില്‍ ജില്ലാ പൊലീസ് മേധാവി പി.ബിജോയ് കലാജാഥ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. തുടര്‍ന്ന് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജ്, ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്, കാസര്‍കോട് ടൗണ്‍, ഇരിയണ്ണി ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

നാടകവും പാട്ടും സംഗീത ശില്പവും ഉള്‍പ്പെടുന്ന ഉയിര്‍പ്പ് കലാജാഥയില്‍ അവളിടം ക്ലബിന്റെ 15 അംഗങ്ങളാണ് അരങ്ങിലെത്തുക. ആദ്യദിവസത്തെ പര്യടനത്തിന് ശേഷം രണ്ടാം ദിനമായ ബുധനാഴ്ച്ച മുന്നാട് പീപ്പിള്‍സ് കോളേജില്‍ നിന്ന് തുടങ്ങുന്ന കലാജാഥ രാജപുരം സെന്റ് പയസ് കോളേജ്, എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജ്, പാലാത്തടം ക്യാമ്പസ്, നീലേശ്വരം ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാഞ്ഞങ്ങാട് ടൗണില്‍ അവസാനിക്കും. മൂന്നാം ദിനമായ വ്യാഴാഴ്ച്ച ഉദുമ ഗവണ്‍മെന്റ് കോളേജ്, പെരിയ അംബേദ്കര്‍ കോളേജ്, പടന്നക്കാട് നെഹ്റു കോളേജ്, തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്, തൃക്കരിപ്പൂര്‍ ടൗണ്‍, ചെറുവത്തൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ കലാജാഥ എത്തും. എല്ലാ കേന്ദ്രങ്ങളിലും ജനപ്രതിനിധികള്‍, ഉള്‍പ്പെടെയുള്ളവര്‍ കലാജാഥ ഉദ്ഘാടനം ചെയ്യും. കലാജാഥ ചെറുവത്തൂര്‍ ടൗണില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *