കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം നടന്നു

കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുന്തല കണ്ടി മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം കുറുമാത്തൂര്‍ കുണ്ട്‌ലാട് തോട്ടുംകര മടപ്പുരയിലെ ശശിമടയന്റെ കാര്‍മികത്വത്തില്‍ വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം പയംകുറ്റി നടന്നു. രാത്രി എട്ടുമണിക്ക് ജനനി അമ്പലത്തറ അവതരിപ്പിച്ച നാടന്‍ കലാമേള അരങ്ങേറി. ചൊവ്വാഴ്ച രാവിലെ ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യ തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് പയംകുറ്റിയോടുകൂടി ദൈവത്തെ മലയിറക്കലും രാത്രി 7 മണിക്ക് ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടവും തുടര്‍ന്ന് അന്നദാനവും നടന്നു. രാത്രി 9 മണിക്ക് യുവജന സമിതിയുടെ നേതൃത്വത്തില്‍, ശിങ്കാരിമേളം, പിഞ്ചുപാലികമാരുടെ താലപ്പൊലി, മുത്തുക്കുട,കൂടാരം, വിവിധ നിശ്ചല ദൃശ്യങ്ങള്‍ എന്നിവയോട് കൂടി വര്‍ണ്ണശബളമായ തിരുമുല്‍ കാഴ്ച മൊട്ടമ്മല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടം തിരുമുല്‍ക്കാഴ്ച സ്വീകരിക്കലും കളിക്കപ്പാട്ട്, അന്തിവേല, കലശമെഴുന്നള്ളിപ്പ് എന്നിവയും നടന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി ഭക്തജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യം നല്‍കി. ഉച്ചയ്ക്ക് 12 മണിമുതല്‍ അന്നദാനവും വൈകിട്ട് ദൈവത്തെ മലകയറ്റിയതോടുകൂടി ഉത്സവത്തിന് പരിസമാപ്തിയായി.

Leave a Reply

Your email address will not be published. Required fields are marked *