സ്‌പെഷ്യല്‍ ഡ്രൈവ് ; ജില്ലയില്‍ നൂറിലധികം അറസ്റ്റ്; എം.ഡി.എം.എ, വിദേശമദ്യം, കഞ്ചാവ്, പാന്‍മസാല ശേഖരങ്ങള്‍ പിടികൂടി

ജില്ലയില്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണ പ്രതികള്‍ തുടങ്ങി നൂറിലധികം പേര്‍ അറസ്റ്റിലായി. ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളാണ്.

ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കാപ്പാ കേസ് പ്രതിയെ പിടികൂടിയത് . മയക്കുമരുന്ന്, കൊലപാതകം തുടങ്ങി ആറോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് വള്ളിക്കോത്ത് സ്വദേശി വൈശാഖാണ് (26) പിടിയിലായത്. കൂടാതെ രണ്ട് മോഷണക്കേസ് പ്രതികളെയും ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗര്‍ സ്വദേശി വിവീഷ്(19), കൊളവയല്‍ സ്വദേശി മുഹമ്മദ് ഫസല്‍ റഹ്‌മാന്‍(18) എന്നിവരാണ് അറസ്റ്റിലായത്.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 9.450 ഗ്രാം കഞ്ചാവുമായി മുളിയാര്‍ സ്വദേശി പി.അനസ് (25) പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പോലീസ് 10529 പാക്കറ്റ് പുകയില വില്‍പന്നങ്ങളുമായി ഉളിയത്തടുക്ക ഷിറിബാഗിലു സ്വദേശി മുഹമ്മദ് അഷ്റഫിനേയും (30), അയാള്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറും കസ്റ്റഡിയിലെടുത്തു.

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രാജപുരം സ്റ്റേഷനില്‍ രണ്ട് പേര്‍ പിടിയിലായി. 3.410 ഗ്രാം എം.ഡി.എം.എയുമായി രാവണേശ്വരം സ്വദേശി റഷീദ് (34), അതിഞ്ഞാല്‍ സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്. കൂടാതെ രാജപുരത്ത് തന്നെ 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രാജപുരം സ്വദേശി കെ.വിനീഷ് (42) അറസ്റ്റിലായി. ഇയാളുടെ പക്കല്‍ നിന്നും വില്പനയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

ജില്ല പോലീസ് മേധാവി പി.ബിജോയ് യുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞദിവസം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *