സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.ബി. രാജേഷ്

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ‘ഡിജി കേരളം’ – ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ് വരുത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും 2024 ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി 2024 നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജി കേരളം പദ്ധതിയുടെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 2024 ഫെബ്രുവരി 11 മുതല്‍ 18 വരെ ‘ഡിജി വാര’ മായി ആഘോഷിക്കും. ഫെബ്രുവരി 11 ന് സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമുള്ള എല്ലാ വാര്‍ഡുകളിലും ‘ഡിജി സഭ’ ചേരുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 18 ന് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങളും ചേരും. വാര്‍ഡുകളില്‍ ഫെബ്രുവരി 21 ന് സര്‍വേ ആരംഭിക്കും. തുടര്‍ന്ന് ഡിജിറ്റല്‍ സാക്ഷരരല്ലാത്തവരുടെ എണ്ണം കണ്ടെത്തി പരിശീലനം ആരംഭിക്കും. കുടുംബശ്രീയുടെ ‘ബാക്ക് ടു സ്‌കൂള്‍’ മാതൃകയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സ്‌കൂളുകള്‍, ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് വായനശാലകള്‍ എന്നിവിടങ്ങളില്‍ സായാഹ്ന ക്ലാസ്സുകള്‍ സംഘടിപ്പിക്കും. സ്‌കൂളുകളിലേക്കും വായനശാലകളിലേക്കും എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കായി അവരുടെ വീടുകളിലെത്തി പരിശീലനം നല്‍കും. അനാഥാലയങ്ങള്‍, പുവര്‍ഹോമുകള്‍, ആശുപത്രികള്‍, ജയില്‍ തുടങ്ങിയ ഇടങ്ങളില്‍ അവിടെയുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ , ലൈബ്രറി കൗണ്‍സില്‍,എസ് സി / എസ് ടി പ്രൊമോട്ടര്‍മാര്‍, എന്‍ എസ് എസ്, എന്‍ സി സി, എന്‍ വൈ കെ, സന്നദ്ധ സേന വളണ്ടിയര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, യുവതീ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉപയോഗിച്ച് വിവരശേഖരണവും പരിശീലനവും മൂല്യനിര്‍ണയവും നടത്തും. താത്പര്യമുള്ളവര്‍ക്ക് വളണ്ടിയറായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഡിജി കേരളം പദ്ധതിയുടെ വെബ് പോര്‍ട്ടലിലെ https://app.digikeralam.lsgkerala.gov.in/volunteer എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *