പാലക്കുന്ന് ക്ഷേത്രത്തില്‍ മൂന്ന് തറകളില്‍ മറുത്തു കളിക്ക് പന്തല്‍ കളി തുടങ്ങി

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി അനുഷ്ഠാന പരമായ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. മാര്‍ച്ച് 11ന് ഭരണി ഉത്സവം കൊടിയിറങ്ങി 5 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങുന്ന പൂരോത്സവത്തിന് ഇവിടെ ഈ വര്‍ഷം മറുത്തുകളി ഉണ്ടായിരിക്കും.
കഴകത്തിലെ മൂന്ന് തറകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മറത്തുകളിക്ക് മൂന്ന് പണിക്കന്മാരെ നേരത്തേ തീരുമാനിച്ചിരുന്നു. പെരുമുടിത്തറയില്‍ രാജീവന്‍ കൊയങ്കര,മേല്‍ത്തറയില്‍ രാജേഷ് അണ്ടാള്‍ , കീഴ്ത്തറയില്‍ ബാബു അരയി എന്നിവരാണ് കളിക്ക് നേതൃത്വം നല്‍കുക. പി.വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കര്‍.
അതത് തറകള്‍ കേന്ദ്രീകരിച്ച് അതിനായി പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയുടെ പ്രതിനിധികള്‍ പണിക്കന്മാരെ വീടുകളില്‍ ചെന്ന് ‘കുറിയിട്ട് വണങ്ങി’ ഭണ്ഡാര വീട്ടിലേക്ക് ആനയിച്ചു. പടിഞ്ഞാറ്റയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം
പണിക്കന്മാര്‍ അതത് തറയില്‍ വീട് തറവാടുകളിലേക്ക് യാത്രതിരിച്ചു. അവിടങ്ങളില്‍ ഉയര്‍ത്തിയ പ്രത്യേകം പന്തലുകളില്‍ ‘ദൈവത്തറകള്‍’ ഉണ്ടാക്കി ഞായറാഴ്ച സന്ധ്യാദീപത്തിന് ശേഷം പന്തല്‍കളിക്ക് തുടക്കമിട്ടു. ഈ മാസം 19 ന് മേല്‍ത്തറ, കീഴ്ത്തറ പണിക്കന്മാര്‍ മേല്‍ത്തറയിലും , 22ന് ഇവര്‍ കീഴ്ത്തറയിലും മറുത്തുകളി നടത്തും.

പൂരോത്സവത്തിന് മറുത്തു കളി

അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാലക്കുന്ന് ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി മറുത്ത് കളിക്ക് വേദിയൊരുങ്ങുന്നത്. മാര്‍ച്ച് 21ന് മൂന്നാം പൂരനാളില്‍ ക്ഷേത്രത്തില്‍ മേല്‍ത്തറ, പെരുമുടിത്തറ പണിക്കന്മാരും 22ന് രണ്ടാം പൂരനാളില്‍ കീഴ്ത്തറ, പെരുമുടിത്തറ പണിക്കന്മാരും മറുത്തു കളി നടത്തും . പൂരം ഒന്നാം നാളില്‍ മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും. മൂന്ന് പണിക്കന്മാര്‍ ഒന്നിച്ചു മറുത്തുകളിക്കുന്നത് പാലക്കുന്ന് ക്ഷേത്രത്തില്‍ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *