പാലക്കുന്ന് : പ്ലസ് ടു കഴിഞ്ഞ് തുടര്‍ പഠനത്തിന് പോകാതെ കാസര്‍കോട് പി എസ് സി കോച്ചിങ്ങിനും കമ്പ്യുട്ടര്‍ പഠനത്തിനും പോകുന്ന പയ്യന്‍ എന്നതിലുപരി പട്ടത്താനം അങ്കകളരിയിലെ അജിത്തിനെ പുറംലോകം അറിയുന്നത് ഏതാനും ദിവസം മുന്‍പാണ്. പലരും പറമ്പിലേക്ക് വലിച്ചെറിയുന്ന പാഴ് വസ്തുക്കളെക്കൊണ്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലെ രാജഗോപുരത്തിന്റെ മാതൃക ഹ്രസ്വരൂപത്തില്‍ നിര്‍മിച്ച് നാട്ടുകാരുടെ കയ്യടി നേടിയ മികവിലാണ് ഓട്ടോ ഡ്രൈവര്‍ കെ. വാസുവിന്റെയും കെ. രമണിയുടെയും മകന്‍ വി.അജിത് എന്ന 18 കാരന്‍. ജേഷ്ഠന്‍ അജയ് വെല്‍ഡിങ് ജോലി ചെയ്യുന്നു.
കരിപ്പോടിയില്‍ അച്ഛന്റെ തറവാടായ തെല്ലത്ത് വീട്ടില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് അജിത് എത്തിയത് താന്‍ ഒരു മാസം കൊണ്ട് പണിതീര്‍ത്ത കൊച്ചു ഗോപുരം ഒക്കത്ത് വെച്ചായിരുന്നു. ഗോപുരത്തിന്റെ വശ്യത കണ്ട് ജനങ്ങള്‍ ചുറ്റും കൂടി. തറവാട്ടിലെ പടിഞ്ഞാറ്റയുടെ വരാന്ത ചുവരില്‍ മനോഹര ദൃശ്യ രൂപമായ അജിത്തിന്റെ രാജഗോപുരം സ്ഥാപിക്കാന്‍ തറവാട് കമ്മിറ്റിക്കാര്‍ ഇടം നല്‍കി. ഇപ്പോള്‍ തറവാട്ടില്‍ തൊഴാന്‍ വരുന്നവര്‍ക്ക് ഈ ഗോപുരം ഒരപൂര്‍വ ആകര്‍ഷക വസ്തുവാണ്.
ക്ഷേത്ര ബഹ്റൈന്‍ കമ്മിറ്റി നിര്‍മിച്ച പാലക്കുന്ന് ക്ഷേത്ര ഗോപുര സമര്‍പ്പണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ അതിന്റെ മാതൃകയില്‍ അജിത്തിന്റെ രാജഗോപുരം ക്ഷേത്ര പരിധിയില്‍ പെടുന്ന തറവാട് ചുമരില്‍ സ്ഥാനം പിടിച്ചത് യാദൃശ്ചികമാകാം. പാലക്കുന്നിലെ രാജഗോപുരത്തിലെ വിഷ്ണു, ഗണപതി ശിവ, പാര്‍വതി തുടങ്ങിയ ഒട്ടേറെ ദൈവ സങ്കല്‍പരൂപങ്ങള്‍ ക്രാഫ്റ്റ് ക്ലെയില്‍ ഉണ്ടാക്കി ഗോപുരത്തില്‍ ഒട്ടിച്ചു. അതുതന്നെയാണ് അജിത് നിര്‍മിച്ച ഗോപുരത്തിന്റെ ചാരുത കൂട്ടുന്നതും.
ചെറുപ്പത്തില്‍ തന്നെ ഈ കൊച്ചു കലാകാരന്‍ വിവിധ തെയ്യങ്ങളടക്കം ഒട്ടേറെ കമനീയ കലാരൂപങ്ങള്‍ തന്റെ കരവിരുതില്‍ ഉണ്ടാക്കിയിട്ടുണ്ട്. പലതും പലര്‍ക്കും നല്‍കി. ചിലര്‍ ‘കൈമടക്ക്’ തരാറുണ്ട്.വില്പനയ്‌ക്കോ പ്രദര്‍ശനത്തിനോ ഇതുവരെ നല്‍കിയിട്ടില്ല. ലോക് ഡൌണ്‍ കാലത്താണ് ഒട്ടേറെ കലാരൂപങ്ങള്‍ ഉണ്ടാക്കിയത്. എല്ലാം പാഴ് വസ്തുക്കളില്‍. തെല്ലത്ത് വീട്ടിലെ ചുമരില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, മുത്തപ്പന്‍, വയനാട്ടുകുലവന്‍ തുടങ്ങിയ തെയ്യ രൂപങ്ങളും അജിത്തിന്റെ വകയില്‍ ഉണ്ട്. സിമെന്റ് ഉപയോഗിച്ച് അജിത് നിര്‍മിച്ച അതിമനോഹരമായ ഒരു ആനയും തറവാട്ടില്‍ കാണാം. പുത്തരി കൊടുക്കല്‍ ദിവസം തറവാട് കമ്മിറ്റി അജിത്തിനെ അനുമോദിച്ചു.