ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17-ന് തുടക്കമാകും. ശംഖുമുഖം സെന്റ് റോക്സ് ഹൈസ്‌കൂളിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ ക്യാമ്പ് 18ന് വൈകുന്നേരം 3.30-ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സന്ദർശിക്കും. എ.ഐ/ റോബോട്ടിക്‌സ് ഉൾപ്പെടുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ പരിഷ്‌കരിച്ച പ്രവർത്തന പുസ്തകം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും.

 പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 2174 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 1.8 ലക്ഷം അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്‌കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  15000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക് പ്രത്യേകം സെഷനുകളുണ്ടാകും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 17, 18-നും മറ്റു ജില്ലകളിൽ 24, 25-നുമാണ് ജില്ലാ ക്യാമ്പ്. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *